കൊച്ചി: പി.വി.അന്‍വര്‍ എംഎല്‍എക്കെതിരായ അനധികൃത ഭൂമിക്കേസില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷ നല്കി റവന്യൂ വകുപ്പ്. കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകിയതിനാണ് കണ്ണൂർ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാരും കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്.
20 ഏക്കറില്‍ അധികം ഭൂമി അന്‍വറിന്റെ കൈവശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകളും അന്വേഷവും നടന്നുവരികയാണെന്നും നടപടി പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നും ഇവര്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച കോടതി ഒക്ടോബര്‍ 18 വരെ മിച്ചഭൂമി തിരികെ പിടിക്കാനുള്ള സമയം നീട്ടി നല്‍കുകയായിരുന്നു.
ഇനി ഒരു അവധി ഉണ്ടാകില്ലെന്നും കോടതി കര്‍ശന മുന്നറിയിപ്പ് നല്കി. മലപ്പുറത്തെ വിവരാവകാശപ്രവര്‍ത്തകനായ കെ.വി.ഷാജി സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് നടപടി.
ഭൂപരിഷ്കരണനിയമം ലംഘിച്ച് പി.വി.അന്‍വറും കുടുംബവും അനധികൃതമായി ഭൂമി കൈവശം വച്ചെന്നാണ് കേസ്. 2017ലാണ് അന്‍വറും കുടുംബവും കൈവശം വച്ച മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡിനും താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വൈകിയതോടെ രണ്ട് തവണ കോടതി ആറു മാസം വീതം സമയം നീട്ടിനൽകിയിരുന്നു. എന്നാല്‍ തുടര്‍ന്നും സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുകയായിരുന്നു.