കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പി.വി. അന്‍വര്‍ എംഎല്‍എ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്ജിയമായി ചര്‍ച്ച നടത്തും. ഇരുവരും ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. ഈ മാസാവസാനമോ അടുത്ത മാസമോ കോഴിക്കോട്ടോ അല്ലെങ്കില്‍ മലപ്പുറത്തോ വിപുലമായ സമ്മേളനം നടത്താനും അന്‍വര്‍ ആലോചിക്കുന്നുണ്ട്. മമതാ ബാനര്‍ജിയെ ഇതിലേക്കു കൊണ്ടുവരാനും നീക്കമുണ്ട്.
ഇന്നലെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എംപിയുടെ സാന്നിധ്യത്തില്‍ കൊല്‍ക്കൊത്തയില്‍ അന്‍വര്‍ തീരുമാനം അറിയിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ചുമതലയായിരിക്കും അന്‍വര്‍ വഹിക്കുക. തൃണമൂലിന്റെ എംപിമാരായ സുസുമിത ദേവ്, മഹുവ മൊയ്ത്ര എന്നിവര്‍ക്കാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ യുഡിഎഫില്‍ അന്‍വറിനെ ഉള്‍ക്കൊള്ളുന്നതില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അന്‍വര്‍ തൃണമൂലിന്റെ ഭാഗമാകുന്നത്. വനംവകുപ്പിന്റെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായശേഷം ജയില്‍മോചിതനായപ്പോള്‍ താന്‍ യുഡിഎഫിലേക്ക് പോകുമെന്ന് അന്‍വര്‍ സൂചിപ്പിച്ചിരുന്നു. രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളുടെ അനൂകൂല പ്രസ്താവനയും മുസ്ലിം ലീഗ് നേതാക്കളുടെ നിലപാടുമായിരുന്നു അന്‍വറിനെ യുഡിഎഫിനു അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
പിണറായി വിജയന് സര്‍ക്കാറിനെതിരായ പോരാട്ടം നടത്താന്‍ ഒരു ശക്തമായ പ്ളാറ്റ്ഫോം വേണമെന്ന നിലയ്ക്കാണ് അന്‍വര്‍ യുഡിഎഫിനെ സമീപിച്ചിരുന്നത്. എന്നാല്‍ ആര്യാടന് ഷൗക്കത്ത് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഈ നീക്കത്തിനു തടയിട്ടു. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനെതിരേ കോണ്‍ഗ്രസില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് അദ്ദേഹം തൃണമൂല്‍ നേതാക്കളെ സമീപിച്ചതും പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്തിയതും.
നേരത്തെ തമിഴ്നാട്ടില്‍ സ്റ്റാലിന്റെ ഡിഎംകെയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സിപിഎമ്മിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഡിഎംകെ പിന്മാറുകയായിരുന്നു.ഡമോക്രാറ്റിക് മുവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നു പാര്ട്ടിക്കുപേരിട്ടതു തന്നെ ഡിഎംകെയുടെ പിന്തുണ പ്രതീക്ഷിച്ചായിരുന്നു.
നിലവില്‍ സിപിഎമ്മിന്റെ സ്വതന്ത്രനായാണ് നിലമ്പൂരില്‍ നിന്ന് അന്‍വര്‍ നിയമസഭയില്‍ എത്തിയത്. കൂറുമാറ്റ നിയമ പ്രകാരം എംഎല്‍എ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അന്‍വര്‍ തൃണമൂലില്‍ അംഗത്വമെടുത്തിട്ടില്ല. നിയമ വിദഗ്ധരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയശേഷമാണ് പുതിയ നീക്കം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനോട് അടുത്തായിരിക്കും തൃണമൂലില്‍ അംഗത്വമെടുക്കുക. അടുത്തു നടക്കാനിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ മികവ് പരിഗണിച്ചായിരിക്കും അന്‍വറിന്റെ അടുത്ത നീക്കം.