നിലന്പൂർ: വീണ്ടും വിവാദച്ചുഴിയിലകപ്പെട്ട് നിലന്പൂർ എംഎൽഎ പി.വി. അൻവർ.
നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് ഒന്നര മാസം കഴിഞ്ഞപ്പോൾ കേരളത്തിൽനിന്ന് ബിസിനസ് ആവശ്യാർഥം വിദേശത്തേക്കുപോയ അൻവറിനെ മണ്ഡലത്തിൽ കാണാൻ കിട്ടുന്നില്ലെന്നു പറഞ്ഞാണ് ഇപ്പോൾ വിവാദം കൊഴുക്കുന്നത്.
ഇതു സംബന്ധിച്ച് ചില രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.
അൻവറിന്റെ മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ആണെന്നും എവിടെയാണെന്ന് അറിയുന്നില്ലെന്നും കാണിച്ച് വാർത്ത നൽകിയ ചാനൽ പ്രവർത്തകനെതിരേ വളരെ മോശമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് ഇപ്പോഴത്തെ വിവാദത്തിനു പ്രധാന കാരണമായത്.
അൻവർ എംഎൽഎ കേരളത്തിൽനിന്നു പോയിട്ട് ഇപ്പോൾ രണ്ടുമാസം പൂർത്തിയായി.
സത്യപ്രതിജ്ഞയും ആദ്യ നിയമസഭാ സമ്മേളനവും കഴിഞ്ഞ് ജൂണ് 15-നാണ് പി.വി. അൻവർ പടിഞ്ഞാറൻ ആഫ്രിക്കയിലെ സിയേറലിയോണ് എന്ന രാജ്യത്തേക്കു പോയത്.
സ്വർണഖനനവുമായി ബന്ധപ്പെട്ട് ബിസിനസിനാണ് അദ്ദേഹം അങ്ങോട്ട് പോയതെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
നേരത്തെ ഇതേ രാജ്യത്തു പോയ പി.വി. അൻവർ തിരഞ്ഞെടുപ്പിനു തൊട്ടു മുന്പാണ് തിരിച്ചെത്തിയിരുന്നത്. ഒരു മാസം കൂടി കഴിയുന്പോൾ തിരിച്ചെത്തുമാണ് ഇപ്പോൾ അറിയുന്നത്.
പാർട്ടിയിൽനിന്നു മൂന്ന് മാസമെത്ത അവധിയെടുത്തും പാർട്ടിയുടെ അറിവോടെയുമാണ് താൻ ഇപ്പോൾ ആഫ്രിക്കയിലേക്ക് പോയതെന്ന് പി.വി. അൻവർ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.
കള്ള വാർത്തകൾ തുടർച്ചയായി നൽകിയ മാധ്യമങ്ങൾ കാരണമാണ് തനിക്ക് നാടുവിടേണ്ടിവന്നത്.
സാന്പത്തിക ബാധ്യത മൂലം നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
തന്റെ അസാന്നിധ്യം മണ്ഡലത്തിൽ ഒരു കുഴപ്പവുമുണ്ടാക്കില്ല. ഏഴോളം ജീവനക്കാരുള്ള, ഞായറാഴ്ചയടക്കം പ്രവർത്തിക്കുന്ന ഒരു ഓഫീസ് നിലന്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ടെന്നും അൻവർ അഭിമുഖത്തിൽ പറയുന്നുണ്ട്.
ഒരു വാർത്താ ലേഖകനെതിരേ മോശം പരാമർശം നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന്, തന്നോട് മാന്യമായി പെരുമാറുന്ന മാധ്യമപ്രവർത്തകരോടു താനും മാന്യമായാണ് പെരുമാറാറുള്ളതെന്നും അൻവർ പറയുന്നുണ്ട്.
ബിസിനസിൽ മലയാളികളടക്കമുള്ളവർക്കു വലിയ സാധ്യതയാണ് സിയേറലിയോണിലുള്ളതെന്നും അൻവർ പറയുന്നു.