കോഴിക്കോട്: മലപ്പുറം പോലീസ് സേനയിലെ ശുദ്ധികലശത്തിനു പിന്നാലെ പി.വി. അന്‍വര്‍ എംഎല്‍എയ്ക്കു പൂര്‍ണ പിന്തുണനൽകി വീണ്ടും കെ.ടി. ജലീല്‍ രംഗത്ത്. പി.വി. അന്‍വറിന്റെ നിലപാടില്‍ തട്ടി മലപ്പുറം എസ്പി ശശിധരന് സ്ഥലം മാറ്റം ഉണ്ടായതിനെത്തുടര്‍ന്നാണ് പുതിയ പോസ്റ്റുമായി കെ.ടി. ജലീല്‍ രംഗത്തെത്തിയത്.
കെ.ടി. ജലീലിന്റെയും അന്‍വറിന്റെയും കണ്ണിലെ കരടായിരുന്നു ശശിധരന് എന്നാണ് പോലീസ് സേനയിലെ സംസാരം. പോലീസിലെ ആര്‍എസ്എസ് പുഴുക്കുത്തുകള്ക്കെതിരേയുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് രണ്ട് സിപിഎം സ്വതന്ത്ര എംഎല്‍എമാരുടെയും വാദം. ഫലത്തില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന കാഴ്ചയാണുള്ളതെന്നാണ് അഭിപ്രായമുയരുന്നത്. സിപിഎമ്മിലെ തല മുതിര്‍ന്ന എംഎല്‍എമാര്‍ കാഴ്ചക്കാരായി മാറുകയും ചെയ്യുന്നു.
എഡിജിപി അജിത് കുമാറിന്റെ കസേര കൂടി ഇളകിയാല്‍ അന്‍വറും ജലീലും തെളിക്കുന്ന വഴിയേ ആഭ്യന്തരവകുപ്പ് എന്ന പ്രതീതിയായിരിക്കും സൃഷ്ടിക്കപ്പെടുക. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് അമര്‍ഷമുണ്ട്. തങ്ങള്‍ക്കു കഴിയാത്ത കാര്യങ്ങള്‍ പോലും അന്‍വര്‍ നേടി എടുക്കുന്നുവെന്ന ആക്ഷേപമാണ് ഇവര്‍ക്കുള്ളത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ വീണ്ടും പി.വി. അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതിനു പിന്നാലെയാണ് കെ.ടി. ജലീലും ഫേസ്ബുക്ക് വഴി അന്‍വറിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയത്. മലപ്പുറം പോലീസിലെ അഴിച്ചുപണി കൃത്യമായ നടപടിയാണ്. ഇതു തുടക്കമാണ്. നേതാവായ എഡിജിപിയിലേക്ക് എത്തുമെനന്നും ജലീൽ കുറിച്ചു. അന്‍വറിന്റെ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട മുന്‍ ജില്ലാ പോലീസ് മേധാവി സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.
അപ്പോഴും ജലീല്‍ പൂര്‍ണ പിന്തുണയുമായി എത്തിയിരുന്നു. ഇന്നലെ ശശിധരനു സ്ഥലംമാറ്റം കൂടി ലഭിച്ചതോടെ അന്‍വറിന് മുഖ്യമന്ത്രിയില്‍ നിന്നു പൂര്‍ണ പിന്തുണ ലഭിക്കുന്നുവെന്ന പ്രതീതിയാണുള്ളത്. അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പൂര്‍ണ പരാജയമാണെന്ന് ഇന്നലെ അന്‍വര്‍ ആവര്‍ത്തിച്ചതും.
സ്വന്തം ലേഖകന്‍