മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടിയുമായി പി.വി.അൻവർ എംഎൽഎ. ജനങ്ങളുടെ ആവശ്യങ്ങൾക്കായി താൻ തീപ്പന്തമാകും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തും.
കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. സ്വർണ്ണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല. വസ്തു നിഷ്ഠമായ അന്വേഷണം എന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. തനിക്കെതിരെ മൂർദ്ധാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് തനിക്ക് സിന്ദാബാദ് വിളിച്ചിട്ടുണ്ട്.
2016 ൽ സിപിഎം തനിക്ക് ഇങ്ങോട്ട് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനം നൽകിയ തിരിച്ചടിയാണ്. വടകരയിൽ തോറ്റത് കെ.കെ. ഷൈലജയുടെ കുഴപ്പം കൊണ്ടല്ല. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയില്ല. പാർട്ടി സഖാക്കളുടെ വിഷയങ്ങളിൽ താൻ നടത്തിയ അന്വേഷണം പോലും സിപിഎം നടത്തുന്നില്ലെന്നും അൻവർ പറഞ്ഞു.
താന് കൊടുത്ത പരാതികള് പാര്ട്ടി പരിശോധിക്കുക പോലും ചെയ്തിട്ടില്ല. അന്വേഷണം നടക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് മാത്രമായില്ല. പോലീസില് നിന്ന് ജനത്തിന് സഹായം ലഭിച്ചില്ല. പല കേസുകളും അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമം.
പോലീസ് ചെയ്യേണ്ട പണി താന് ചെയ്യേണ്ട അവസ്ഥയാണെന്നും അന്വര് പറഞ്ഞു. താന് കമ്യൂണിസം പഠിച്ചിട്ടില്ല. ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രവര്ത്തിക്കുന്നത്. താന് എന്നും സാധാരണ ജനങ്ങള്ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദന്റെ അച്ചടി ഭാഷ തനിക്ക് മനസിലാകുന്നില്ല.
കമ്യൂണിസ്റ്റ് പാര്ട്ടിയില് നിന്ന് കൂടുതല് പേര് മടുത്ത് പുറത്തുപോകും. കമ്യൂണിസ്റ്റുകാര്ക്കും ന്യൂനപക്ഷങ്ങള്ക്കും നീതിയില്ല. അവരെ അണിനിരത്തി മുന്നോട്ട് പോകും. അടുത്ത ദിവസം മുഹമ്മദ് ആട്ടൂര് കേസ് ജനങ്ങള്ക്ക് മുന്നില് വിശദീകരിക്കുമെന്നും അന്വര് പറഞ്ഞു.