കോഴിക്കോട്: പി.വി. അന്വര് തൊടുത്തുവിട്ട ആരോപണശരങ്ങള് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം രാഷ്ട്രീയത്തെയും പിടിച്ചുകുലുക്കുന്നതിനിടെ ശക്തിതെളിയിക്കാന് പി.വി. അന്വര്. ഞായറാഴ്ച നിലമ്പൂരില് വിളിച്ചുചേര്ത്ത പൊതുസമ്മേളനം ശക്തി പ്രകടനമാക്കാനാണ് അന്വര് അനൂകൂലികളുടെ തീരുമാനം. തന്നെ അനുകൂലിക്കുന്നവരെ മുഴുവന് സമ്മേളനവേദിയില് എത്തിക്കാനാണ് തീരുമാനം.
സിപിഎമ്മില്നിന്നു വിവിധ കാലങ്ങളില് പുറത്താക്കപ്പെട്ടവര്, കോണ്ഗ്രസിലെ ഒരു വിഭാഗം പ്രവര്ത്തകര്, ലീഗ് പ്രവര്ത്തകര് എന്നിവരെയെല്ലാം കൂടെകൂട്ടും. ആരെല്ലാം പങ്കെടുക്കുമെന്ന്നേരത്തെ അറിയിച്ചാല് അവരെ പിന്തിരിപ്പിക്കാന് സിപിഎം ശ്രമിക്കുമെന്ന തിരിച്ചറിവുണ്ടെന്നാണ് അന്വര് ഇതുമായി ബന്ധപ്പെട്ട് അടുത്ത നേതാക്കളോട് പ്രതികരിച്ചത്. നിലവില് പൊതുസമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ടീമിനെ തന്നെ അന്വര് തയാറാക്കിവച്ചിരിക്കുന്നതായാണ് വിവരം.
പൊതുസമ്മേളനത്തിന് മുന്പുതന്നെ സിപിഎം തനിക്കെതിരേ നടപടി എടുക്കുമെന്നാണ് അന്വര് പ്രതീക്ഷിക്കുന്നത്. പൊതുസമ്മേളനവേദിയില് വച്ച് മുന്നോട്ടുള്ള പോക്ക് എങ്ങിനെയായിരിക്കുമെന്നും തന്റെ രാഷ്ട്രീയ നിലപാട് എന്തെന്നും അന്വര് വിശദമാക്കുമെന്നാണു സൂചന. പരമാവധി പേരെ സംഘടിപ്പിക്കാനും അവസരം വരുന്പോൾ ഏ തെങ്കിലും പാർട്ടിയിൽ ചേരുന്നതടക്കമുള്ള തീരുമാനം കൈക്കൊള്ളാനുമാണ് അൻവറിന്റെ നീക്കമെന്ന് അറിയുന്നു.
റിയാസിനും മുഖ്യമന്ത്രിക്കുമെതിരേ ഇന്നും അന്വറിന്റെ വിമർശനം
ഇന്നലെ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്ശനം നടത്തിയ പി.വി. അന്വര് ഇനി ഒരിഞ്ചുപോലും പിന്നോട്ടുപോകില്ലെന്നാണു സൂചന. അന്വറിനെ പ്രതിരോധിക്കാന് സിപിഎം അരയും തലയും മുറുക്കി രംഗത്തുവന്നപ്പോഴും കൂടുതല് രൂക്ഷമായ ഭാഷയിലാണ് അന്വര് ഇന്നും പ്രതികരിച്ചത്.
ആരോപണങ്ങള് ഉന്നയിച്ചതിന്റെ പേരില് ജയിലില് അടച്ചാലും പ്രശ്നമില്ലെന്നും താനിപ്പോള് നില്ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണെന്നും അൻവർ പറഞ്ഞു. സാധാര ജനങ്ങള് എന്നെ മനസിലാക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പാര്ട്ടിയിലെ രണ്ടാമനാകണമെന്ന് റിയാസിന് മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാന് പോകുന്നില്ലെന്നും അന്വര് കൂട്ടിച്ചേര്ത്തു. പാര്ട്ടി സെക്രട്ടറി നിസഹായനാണെന്ന് അന്വര് ആവര്ത്തിച്ചു.
അന്വറിനെ തള്ളാതെ കെ.ടി. ജലീൽ
പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരായ പോരാട്ടത്തില് പി.വി. അന്വറിന് പിന്തുണ അര്പ്പിച്ച മറ്റൊരു സ്വതന്ത്ര എംഎല്എയായ കെ.ടി. ജലീല് പൂര്ണമായും അന്വറിനെ തള്ളാതെയുള്ള പ്രതികരണമാണ് നടത്തിയത്. സ്വര്ണക്കടത്തുകാര്ക്ക് വേണ്ടി അന്വര് സംസാരിക്കുന്നുവെന്ന അഭിപ്രായം തനിക്കില്ല. സിപിഎമ്മിലെ മാപ്പിളലഹളയായി താനിതിനെ കാണുന്നില്ലെന്നും ജലീല് പ്രതികരിച്ചു.
മുഖ്യമന്ത്രിക്കെതിരായ വിമര്ശനങ്ങളില് പൊതുവേ ആദ്യം അദ്ദേഹത്തെ ന്യായീകരിക്കുകയും ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്യാറുള്ളത് കെ.ടി. ജലീലാണ്. എന്നാല് അന്വറിന്റെ വാര്ത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകള് കഴിഞ്ഞപ്പോള് പ്രതികരണം രണ്ട് വാക്കിലൊതുക്കുകയായിരുന്നു ജലീല്. തന്റെ സമാനമായ അഭിപ്രായം പല സഖാക്കള്ക്കുമുണ്ടെന്ന പി.വി. അന്വറിന്റെ വാദം കൂടി ഇതിനൊപ്പം ചേര്ത്ത് വായിക്കേണ്ടതാണ്.