കോഴിക്കോട്: സിപിഎമ്മുമായുളള ബന്ധം വിച്ഛേദിച്ച പി.വി. അന്‍വര്‍ എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പാര്‍ട്ടിയാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി മഞ്ചേരിയില്‍ അടുത്ത ദിവസം ഒരു ലക്ഷംപേരെ അണിനിരത്തി റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
അടുത്ത തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന വിധത്തില്‍ പാര്‍ട്ടി രൂപീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് പി.വി. അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പിന്നാക്ക, ദളിത് വിഭാഗങ്ങളെ ചേർത്തുനിര്ത്തുന്നതാകും പാര്‍ട്ടി. മതേതരത്വത്തിനും ജനാധിപത്യത്തിനും ഊന്നല്‍ നല്കുന്നതാവും പാര്‍ട്ടി. ഒരേ ആശയമുള്ള ആളുകളെ കൂടെ നിർത്തുമെന്നും അൻവർ പറഞ്ഞു.
സിപിഎമ്മില്‍ നിന്നുപോന്നശേഷം നിലമ്പൂര്‍ ചന്തക്കുന്നില്‍ അന്‍വര്‍ നടത്തിയ ആദ്യ പൊതുയോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ജനങ്ങള്‍ പാര്‍ട്ടിയുമായി വന്നാല്‍ അതിന്റെ പിന്‍നിരയില്‍ താന്‍ ഉണ്ടാകുമെന്നാണ് അന്ന് അന്‍വര്‍ പറഞ്ഞിരുന്നത്.
ഈ യോഗത്തിനുശേഷം അന്‍വര്‍ യുഡിഎഫിലെ ഘടകകക്ഷികളുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അന്‍വറിനെ ഉള്പ്പെക്കൊള്ളാന് ആരും തയാറയില്ല. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നതിനു മുതിര്‍ന്ന നേതാക്കള്‍ എതിരാണ്. ലീഗിലേക്ക് പോകുന്നതിനു മലപ്പുറത്തുനിന്നുള്ള ലീഗ് നേതാക്കളും എതിരാണ്. ഈ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി എന്ന ചിന്ത ഉയര്‍ന്നുവന്നത്.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ അന്‍വറിനു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ജനസമ്മതി ഉണ്ടായിട്ടുണ്ട്. പിണറായിയോട് ഏറ്റുമുട്ടാന്‍ അന്‍വര്‍ കാണിച്ച ധൈര്യം രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
സമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തിന്റെ നിലപാടിന് പിന്തുണ വര്‍ധിച്ചുവരികയാണ്. ഈ അനുകൂല സാഹചര്യം പാര്‍ട്ടി രൂപീകരണത്തിനു ഉപയോഗപ്പെടുത്താനാണ് അന്‍വറിന്റെ തീരുമാനം.