കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരേ പി.വി.അന്‍വർ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
“രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം. തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചുകിട്ടാതിരിക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല’ എന്ന് പിണറായി പറഞ്ഞു.
രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന പി.വി.അന്‍വറിന്റെ അധിക്ഷേപ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ലന്ന് പിണറായി പരിഹസിച്ചു. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിന് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞിരുന്നു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസിലാകുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
രാജ്യത്ത് അതീവ ഗൗരവമുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ രാഹുല്‍ ഇവിടെയുണ്ടാകില്ല. രാഹുലിനെപ്പോലെ ഒരാളില്‍നിന്ന് ബിജെപിയെ സഹായിക്കുന്ന നിലപാടുണ്ടാകുന്നത് അപക്വമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.