ആലുവ: എടത്തലയിലെ സ്വകാര്യ പാട്ടഭൂമി നിയമവിരുദ്ധമായി കരമടച്ചു സ്വന്തമാക്കിയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നു പി.വി. അന്‍വര്‍ എംഎല്‍എയുടെ കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആലുവ താലൂക്ക് തഹസിൽദാർക്ക് മറുപടി നൽകി. ഇന്നലെ താലൂക്ക് തഹസിൽദാറിനു മുന്നിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാണ് വിശദീകരണം നൽകിയത്.
ന്യൂഡല്‍ഹിയിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ 2006 സെപ്റ്റംബര്‍ 18നു നടത്തിയ ലേലത്തില്‍ 11.46 എക്കര്‍ സ്ഥലം പി.വി. അന്‍വര്‍ എംഎല്‍എ എംഡിയായ പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിന് എടുത്തിരുന്നു. ഈ ഭൂമി കരമടച്ചും പോക്കുവരവ് ചെയ്തും സ്വന്തമാക്കിയെന്നാണു പരാതി. കരമടച്ചത് കമ്പനിയല്ലെന്നും ആരോ അടച്ചതാണെന്നുമാണ് അഭിഭാഷകൻ ഇന്നലെ വിശദീകരിച്ചത്.
കാക്കനാട് സ്വദേശി ജോയ് മാത്യുവിന്റെ പേരിലുള്ളതാണ് എടത്തലയിലുള്ള വിവാദ ഭൂമി. ജോയ് മാത്യുവിനു പങ്കാളിത്തമുള്ള ഇന്റര്‍നാഷണല്‍ ഹൗസിംഗ് കോംപ്ലക്സിന് ഭൂമി 99 വർഷത്തെ പാട്ടത്തിന് നൽകുകയായിരുന്നു. ഭൂമിയുടെ മേൽ വായ്പാ കുടിശിക വന്നതോടെയാണു വായ്പ നൽകിയ ടൂറിസം ഫിനാൻസ് കോർപറേഷന്റെ പരാതിയിൽ പാട്ടാവകാശം ലേലം ചെയ്തത്.
ആലുവ സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളില്‍ ഇപ്പോഴും വസ്തുവിന്റെ ഉടമസ്ഥാവകാശം പരേതനായ ജോയ് മാത്യുവിന്റെ പേരിലാണ്. പാട്ടാവകാശം നേടിയെന്ന പേരിൽ 2006 മുതല്‍ 2019വരെയുള്ള കാലയളവില്‍ ഭൂമിയുടെ നികുതിയടച്ചിരിക്കുന്നത് പി.വി. അന്‍വര്‍, മാനേജിംഗ് ഡയറക്ടര്‍, പീവീസ് റിയല്‍റ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്.
സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ക്കും പി.വി. അന്വറിനുമെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജോയ് മാത്യുവിന്റെ ഭാര്യ ഗ്രേസ് മാത്യുവാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
പാട്ടഭൂമിയുടെ ഉടമസ്ഥവകാശം പരാതിക്കാരിക്കാണെന്നു പീവീസിനു വേണ്ടി ഹാജരായ അഭിഭാഷകൻ സമ്മതിച്ചതായി ഭൂരേഖ തഹസില്‍ദാര്‍ പി.എന്‍. അനി അറിയിച്ചു.
ഇന്നലെ നടന്ന എതിർകക്ഷിയുടെ വാദങ്ങൾക്ക് മറുപടി നൽകാൻ പരാതിക്കാരിക്ക് 10 ദിവസം കൂടി നൽകിയതായി തഹസില്‍ദാര്‍ പറഞ്ഞു. ഹിയറിംഗ് പൂർത്തിയായെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. പീവീസ് റിയല്‍ട്ടേഴ്സ് എന്ന കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തിയിരുന്നു.