കൊച്ചി: മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം പ്രതിസന്ധിയിലായ എറണാകുളം കലൂരിലെ പി.വി. സ്വാമി മെമ്മോറിയൽ ആശുപത്രി അടച്ചുപൂട്ടുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ആവശ്യപ്പെട്ടു. ആശുപത്രി അടച്ചുപൂട്ടലിനെതിരേ പിവിഎസ് ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ സംഘടിപ്പിച്ച ധർണ ഐഎംഎ കൊച്ചി ശാഖ പ്രസിഡന്റ് ഡോ. എം.ഐ. ജുനൈദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
20 വർഷത്തിലധികമായി ആശുപത്രിയിൽ ജോലി നോക്കിവരുന്ന നഴ്സുമാർ ഉൾപ്പെടെയുള്ള 500 ൽ പരം ജീവനക്കാർക്കു നിയമം അനുശാസിക്കുന്ന പരിരക്ഷ ലഭ്യമാക്കുന്നതിന് ഐഎംഎ പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ഡോ. ഹനീഷ് മീരാസ പറഞ്ഞു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഒരുവർഷത്തിലേറെയായി ശന്പളം ലഭിച്ചിട്ട്.
ശന്പളവും കുടിശികയും മാർച്ച് 31 നകം കൊടുത്തു തീർക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പി.വി. മിനി ജില്ലാകളക്ടർക്ക് രേഖാമൂലം നൽകിയ ഉറപ്പും നാളിതുവരെ പാലിച്ചിട്ടില്ലെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ മാത്യു ഫിലിപ്പ് പറഞ്ഞു.
ഇന്നലെ മുതൽ ഒൗട്ട് പേഷ്യന്റ് വിഭാഗവും ഐസിസിയു, സിസിയു മറ്റ് അനുബന്ധ യൂണിറ്റുകളും യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയെന്നും മാത്യു ഫിലിപ്പ് പറഞ്ഞു. കൊച്ചി ഐഎംഎ മുൻ പ്രസിഡന്റുമാരായ ഡോ. വർഗീസ് ചെറിയാൻ, ഡോ. എബ്രാഹം വർഗീസ്, ഡോ. കുര്യയ്പ്പ്, യുഎൻഎ വൈസ് പ്രസിഡന്റ് ഹരീഷ്, പിവിഎസ് യൂണിറ്റ് പ്രസിഡന്റ് ഫെലിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ ഐഎംഎയുടെയും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെയും നേത്യത്വത്തിൽ ജീവനക്കാർ ആശുപത്രിക്ക് ചുറ്റും മനുഷ്യചങ്ങല തീർത്തു.