കോതമംഗലം: നേര്യമംഗലത്ത് കോടികൾ മുടക്കി നിർമിച്ച പിഡബ്ല്യുഡി കോംപ്ലക്സ് പ്രവർത്തനം ആരംഭിക്കാതെ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമാകുന്നു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ആവശ്യമായ പരിശീലനം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ബൃഹത് മന്ദിരം നിർമിച്ചിട്ടുള്ളത്.
നിർമാണം പൂർത്തീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാതെ കിടക്കുന്നതിനാൽ മദ്യപാനികൾക്കും സാമൂഹ്യവിരുദ്ധർക്കും തന്പടിക്കാൻ പറ്റിയ താവളമായി മാറിയിരിക്കുകയാണ്. ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് കോന്പൗണ്ട് സുരക്ഷിതമാക്കിയിരുന്നു. ഇപ്പോൾ ഗേറ്റുപോലും തുറന്നുകിടക്കുന്നതാണ് സാമൂഹ്യവിരുദ്ധർക്ക് നേട്ടമായത്. ദീർഘവീഷണത്തോടെ എല്ലാവിധ സൗകര്യങ്ങളോടുകൂടി തയാറാക്കിയ പദ്ധതിയാണ് നേര്യമംഗലം പിഡബ്ല്യുഡി കോംപ്ലക്സ്.
ആദ്യഘട്ട നിർമാണപ്രവർത്തനം ഉദേശിച്ച രീതിയിൽ പുരോഗമിച്ചു. മൂന്ന് വർഷം മുന്പ് ഉദ്ഘാടനവും നടത്തി. പിന്നീടും ഫണ്ട് അനുവദിക്കലും നിർമാണ പ്രവർത്തനങ്ങളും നടന്നിരുന്നു. പദ്ധതിയുടെ പ്രയോജനം എത്രയും വേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമുണ്ടായെങ്കിലും കെട്ടിടങ്ങൾ ഇപ്പോഴും നോക്കുകുത്തിയായി നിൽക്കുകയാണ്.