കോട്ടയം: പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ കണ്ടെത്തുന്നതിനു കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ ആരംഭിച്ചു. സംസ്ഥാനത്തിനു 200കോടിയിലേറെ നഷ്്ടമുണ്ടാക്കി വിലസുന്ന വാഹനങ്ങൾ നിരത്തിൽ കണ്ടാൽ പിടിച്ചെടുത്തു നിയമനടപടി സ്വീകരിക്കാനുള്ള ഉത്തരവിനെതുടർന്നാണു നടപടികളാരംഭിച്ചത്. കഴിഞ്ഞ ദിവസമാണു ട്രാൻസ്പോർട്ട് കമ്മീഷണർ ഇതുസംബന്ധിച്ചു നിർദേശം ആർടിഒ മാർക്കു നല്കിയത്.
നിയമനടപടി സ്വീകരിക്കുന്നതിനായി പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ വിവരങ്ങൾ ക്രൈം ബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്. നിരത്തിലിറങ്ങുന്ന പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ പിടിച്ചെടുത്തു നിയമ നടപടികൾക്കു വിധേയമാക്കും. ഇത്തരത്തിലുള്ള വാഹനങ്ങൾ പിടികൂടുന്നതിനായി കോട്ടയം ജില്ലയിൽ നിരവധി സ്ക്വാഡുകളെ ചുമതലപ്പെടുത്തിയതായി കോട്ടയം ആർടിഒ കെ. പ്രേമാനന്ദൻ പറഞ്ഞു.
സംസ്ഥാനത്ത് നിയമാനുസൃതമായി നികുതി അടച്ച് രജിസ്ട്രേഷൻ കേരളത്തിലേക്കു മാറ്റി തുടർനടപടികളിൽ നിന്നും ഒഴിവാകാൻ മോട്ടോർ വാഹനവകുപ്പ് നിശ്ചിത സമയം അനുവദിച്ചിരുന്നു. എന്നിട്ടും പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ രംഗത്ത് വരാത്തതിനെതുടർന്നാണു നടപടി ശക്തമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
പുതുച്ചേരിൽ വ്യാജ വിലാസത്തിൽ രജിസട്രേഷൻ നടത്തി നികുതി വെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തിയ വാഹനങ്ങൾക്കു മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ചുരുക്കം ചില വാഹനയുടമകൾ മാത്രമാണു ഇതിനോടു പ്രതികരിച്ചതെന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ലക്ഷങ്ങൾ വിലയുള്ള ആഢംബര വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലുടെ സംസ്ഥാനത്തിനു നികുതിയിനത്തിൽ കോടിക്കണക്കിനു രൂപയാണു നഷ്ടപ്പെട്ടിരിക്കുന്നത്. കേരളത്തിൽ വിൽപ്പന നടത്തിയതും ഇറക്കുമതി ചെയ്തതുമായി ആഡംബര വാഹനങ്ങളാണു കുറഞ്ഞ നികുതിയുള്ള പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്.
ഉടമകൾ അവിടെ താമസിക്കുന്നവെന്ന വ്യാജ വിലാസം തരപ്പെടുത്തിയാണു രജസിട്രേഷൻ നടപടി ക്രമങ്ങൾ പൂർത്തികരിച്ചത്. ഇത്തരത്തിലുള്ള വാഹനങ്ങൾ പിടികൂടിയാൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശമനുസരിച്ചായിരിക്കും നിയമനടപടികൾ സ്വീകരിക്കുകയെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.