ജയ്സണ് അതിരമ്പുഴ
ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. അത്യഢംബര കാറുകൾ വാങ്ങി കേരളത്തെക്കാൾ നികുതി കുറവുള്ള സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെ റോഡുകൾ ഉപയോഗിക്കുന്നതിനെതിരേയാണ് മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾക്കൊരുങ്ങുന്നത്.
ഇത്തരത്തിൽ കേരളത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ കസറ്റഡിയിലെടുക്കാനാണ് തീരുമാനം. ആഢംബരകാർ വാങ്ങി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയത് കേരളത്തിൽ നികുതി അടയ്ക്കാതെ ഉപയോഗിച്ചതിന് നടൻ ഫഹദ് ഫാസിലിന് ആലപ്പുഴ ആർടിഒ ഓഫീസ് നോട്ടീസ് നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്നലെ നടൻ മറ്റൊരാൾ മുഖേന 17.68 ലക്ഷം വാഹന നികുതിയടച്ചു.
സമാന സംഭവത്തിൽ മറ്റൊരു ബിഎംഡബ്യൂ കാറും കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ നികുതി അടയ്ക്കാൻ ആർടിഒ നോട്ടീസ് നൽകിയിട്ടുണ്ട്. നികുതിക്കും പിഴയ്ക്കും പുറമെ വാഹനം എത്രയും പെട്ടന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്യുകയും വേണം.
ഇത്തരത്തിൽ ഇതരസംസ്ഥാനത്ത് കാർ രജിസ്റ്റർ ചെയ്ത് കേരളത്തിലെ റോഡുകൾ ഉപയോഗിക്കുന്നതുവഴി സംസ്ഥാനത്തിന് കനത്ത നികുതി നഷ്ടമാണ് ഉണ്ടാകുന്നത്.ഇങ്ങനെ രജിസ്റ്റർ ചെയ്ത വാഹനം റോഡുകളിൽ ഇറക്കാതെ വീട്ടിൽ തന്നെ ഇട്ടിരിക്കുകയാണെങ്കിൽ പോലും വീടുകളിലെത്തി പരിശോധന നടത്തി കസ്റ്റഡിയിൽ എടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനമെന്നും ആലപ്പുഴ ആർടിഒ ഷിബു കെ. ഇട്ടി പറഞ്ഞു.