തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടനും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി നൽകി.
കുറ്റപത്രം പരിഗണിക്കാൻ അധികാരമില്ലെന്നു ചൂണ്ടികാട്ടി തിരുവനന്തപുരം ചീഫ് ജുഡിഷൽ മജിസ്ട്രേറ്റ് കോടതിയാണു കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനു മടക്കി നൽകിയത്.
പുതുച്ചേരിയിലെ വ്യാജ വിലാസത്തിൽ ആഡംബര കാർ റജിസ്റ്റർ ചെയ്ത് കേരളത്തിൽ അടയ്ക്കേണ്ട നികുതി വെട്ടിച്ച കേസിലാണ് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 2018 ജനുവരിയിൽ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഉടൻ ജാമ്യത്തിൽ വിടുകയും ചെയ്തു.
കൃഷിയിടത്തിൽ പോകാൻ വേണ്ടിയാണ് ഔഡി കാർ വാങ്ങിയതെന്നാണു സുരേഷ് ഗോപി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ഇതു നുണയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തത്. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.