കോട്ടയം: ജില്ലയിൽ നികുതി വെട്ടിപ്പ് നടത്തിയിട്ടുള്ള പുതുച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പുതുച്ചേരി രജിസ്ട്രേഷനിലുള്ള 30 വാഹനങ്ങൾക്കെതിരെയാണു മോട്ടോർവാഹനവകുപ്പ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇത്തരം വാഹനങ്ങൾക്കു നികുതിയടച്ച് നടപടികളിൽനിന്ന് രക്ഷപ്പെടാനുള്ള അവസരം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.
ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 55 വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഈ വാഹനങ്ങൾക്കു മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇതോടെ 25 വാഹനങ്ങൾ നികുതി അടച്ചു നിയമനടപടികൾ നിന്നും ഒഴിവായി.
ഒരു കോടി 67 ലക്ഷം രൂപയാണ് നികുതിയിനത്തിൽ സർക്കാരിനു ലഭിച്ചത്. നികുതി അടയ്ക്കാനോ ആർടിഒ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാത്ത 30 വാഹനങ്ങൾ ജില്ലയിൽ എവിടെ കണ്ടാലും പിടിച്ചെടുക്കാനും നിയമനടപടികൾ സ്വീകരിക്കാനും എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്കും മോട്ടോർ വാഹന വകുപ്പിനും നിർദേശം ലഭിച്ചിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം കൂടുതൽ നടപടികൾ വരുംദിവസങ്ങളിലുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.