പേരാമ്പ്ര: അടുത്ത കാലത്ത് പ്രവർത്തനം തുടങ്ങിയ പേരാമ്പ്ര ജോ.ആർടിഒ ഓഫീസ് “പണി’ തുടങ്ങി. വടകര, കൊയിലാണ്ടി ആര്‍ടിഒകളുമായി സഹകരിച്ചു ഇന്നലെ വ്യാപകമായി നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ നിയമലംഘനം നടത്തിയ 327 ഓളം വാഹനങ്ങള്‍ പിടികൂടി. ഇതില്‍ പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ഒരു ആഢംബര കാറും ഉള്‍പ്പെടുന്നു.
ലൈസെന്‍സില്ലാതെ വാഹനമോടിച്ച 39 പേര്‍ക്കെതിരെയും അപകടകരമാം വിധം വാഹനമോടിച്ച പതിമൂ ന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചതിന് മൂന്നും എയര്‍ഹോണും ടാക്സ് അടക്കാത്ത മൂന്നും വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 89800 രൂപ പിഴയും ഈടാക്കി.
ഇതിനിടയില്‍ പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള 3.50 കോടി വില വരുന്ന ബിഎംഡബ്ല്യു ഐ8 ആഢംബര കാറും പിടികൂടി. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത വാഹനം പോണ്ടിച്ചേരി സ്വദേശിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് സ്വദേശി ഫൈസല്‍ വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം മാറ്റുകയോ ഈ കാലയളവിലെ നികുതി കേരളത്തില്‍ അടക്കുകയോ ചെയ്തിട്ടില്ല.
വിലയുടെ ഇരുപത് ശതമാനം നികുതിയായ 70 ലക്ഷത്തോളം അടക്കാനുള്ള ഈ വാഹനം എംവിഐഎ ആര്. രാജേഷ് പിടികൂടി പേരാമ്പ്ര സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ പിടിച്ചിട്ടിരിക്കുകയാണ്. നികുതി അടച്ചു കൊള്ളാമെന്നും ഉടമസ്ഥാവകാശം മാറ്റാമെന്നും ഉടമ അധികൃതരെ അറിയിച്ചു.
വടകര ആര്‍ടിഒ വി.വി. മധുസൂദനന്, പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ കെ.കെ. രാജീവ്, എംവിഐമാരായ എസ്. സുരേഷ്, എന്‍. രാഗേഷ്, എ.ആര്. രാജേഷ്, കെ.ടി. ഷംജിത്ത്, പി.കെ. സജീവ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.