തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പ് കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പരമാവധി ഏഴു വർഷംവരെ തടവ് ശിക്ഷ ലഭിക്കാം.
രണ്ട് ഔഡി കാറുകള്‍ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേസ്. 2010ലും 2017ലുമായി രണ്ട് ഔഡി കാറുകളാണ് സുരേഷ് ഗോപി പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് കാറുകളിലുമായി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.
ഇതിന് ശേഷം ക്രൈംബ്രാഞ്ച് കേസെടുക്കുകയും സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.