പേരാമ്പ്ര: മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പോണ്ടി ച്ചേരി രജിസ്ട്രേഷനുള്ള ആഡംബരകാർ പേരാമ്പ്രയിൽ പിടികൂടി. രജിസ്ട്രേഷനില്ലാത്ത റോഡ് റോളറും പിടികൂടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വാടകയ്ക്ക് നല്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്കി.
നാദാപുരം സ്വദേശി അമ്മതിന്റെ കൈവശമുള്ള ആഡംബരകാറിന് സംസ്ഥാനത്ത് നികുതി അടയ്ക്കാൻ മൂന്നുതവണ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു . പിവൈ 01 ബിഡബ്ള്യു 220 നമ്പര്‍ വാഹനമാണ് ഇന്നലെ പേരാമ്പ്ര ടൗണില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ തടഞ്ഞത്.
ഒരു കോടി രൂപ വില വരുന്ന മെഴ്സിഡസ് ബെന്‍സ് കാറിന്റെ 20 ശതമാനം നികുതി സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ടതാണ്. പോണ്ടിച്ചേരി സ്വദേശി സൂരജ് ബാബു എന്നയാളുടെ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്ട്രേഷനില്ലാതെ പേരാമ്പ്രയില്‍ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്ക്കെതിരേയുംു നടപടിയെടുത്തു.
രജിസ്ട്രേഷനില്ലാത്തതും നികുതി അടയ്ക്കാത്തതുമായ 25 ലക്ഷം രൂപ വില വരുന്ന വൈബ്രേറ്റര്‍ റോഡ് റോളര്‍ ചാനിയം കടവ് റോഡ് പ്രവൃത്തി നടക്കുന്നിടത്തു നിന്നാണു പിടികൂടിയത്. ആറ് ശതമാനം നികുതി ലഭിക്കേണ്ട വാഹനമാണ് രജിസ്ട്രഷനും നികുതിയുമടക്കാതെ പ്രവൃത്തിക്കായ് ഉപയോഗപ്പെടുത്തുന്നത്.
ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച വാഹനങ്ങള്‍ വാടകയ്ക്ക് നല്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്കി. മോട്ടോര്‍ വാഹന ഇന്‍സ്പക്ടര്‍ എ.ആര്. രാജേഷ്, എഎംവിഐ ബി.ഐ. അസിം എന്നിവരാണ് പരിശോധന നടത്തിയത്.