കാക്കനാട്: പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച ആഡംബര വാഹനങ്ങളിൽനിന്നുള്ള നികുതിയായി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖല സോണിൽനിന്ന് ഇതുവരെ ഏഴു കോടി രൂപ ലഭിച്ചു. എറണാകുളം ആർടിഒയിൽനിന്നു മാത്രം അഞ്ചരക്കോടി രൂപ ലഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനകം ജില്ലയിൽ 55 ആഡംബര കാറുകളും കോട്ടയത്ത് 15 ആഡംബര കാറുകളും ഇടുക്കിയിൽനിന്നു രണ്ടു കാറുമാണ് ആർടിഓഫീസുകളിൽ എത്തി നികുതി അടച്ചിട്ടുള്ളത്. എറണാകുളം ആർടിഒ, സബ് ഓഫീസുകളുടെ പരിധിയിൽ മാത്രം 140 ആഡംബര കാറുകളാണ് സംസ്ഥാനത്തിന് പുറത്തു രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയിട്ടുള്ളതായി അറിവായിട്ടുള്ളത്.
പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതിവെട്ടിച്ച 100 ഓളം ആഡംബര വാഹനങ്ങൾക്കു മോട്ടോർ വാഹനവകുപ്പ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഏതാനും വാഹനഉടമകൾ മാത്രമാണ് നികുതി അടയ്ക്കാൻ തയാറായത്.
വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ നടപടി സ്വീകരിച്ചതോടെ കൂടുതൽ ഉടമകൾ നികുതി അടയ്ക്കാൻ തയാറാവുകയായിരുന്നു. വെട്ടിപ്പ് നടത്തിയ വാഹന ഉടമകളെല്ലാവരും നികുതി അടച്ചാൽ 50 കോടി കവിയുമെന്നാണു കണക്കുകൂട്ടൽ.