ബിജോ ടോമി
കൊച്ചി: പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്തിയശേഷം കേരളത്തിൽ സ്ഥിരമായി ഓടിയ ആഡംബര വാഹനങ്ങൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് അധികൃതർ നടപടിയെടുത്തപ്പോൾ ഇതുവരെ സർക്കാർ ഖജനാവിലേക്കെത്തിയത് 9,88,35,917 രൂപ. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം സോണിൽ 122 വാഹനങ്ങളിൽനിന്നാണ് ഇത്രയും തുക നികുതിയായി ഈടാക്കിയത്.
മോട്ടോർ വാഹനവകുപ്പ് പുതുച്ചേരിയിലെത്തി നടത്തിയ പരിശോധനയിൽ എറണാകുളം സോണിൽനിന്നു മാത്രം 264 ആഡംബര വാഹനങ്ങൾ നികുതിയടയ്ക്കേണ്ടതുണ്ടെന്നു കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങളുടെ ഉടമകൾക്കു നോട്ടീസും അയച്ചു. ഇങ്ങനെ നോട്ടീസ് അയച്ചതിൽ 99 വാഹനങ്ങൾ ഇതുവരെ നികുതി അടച്ചതിൽപ്പെടുന്നു.
എറണാകുളം ജില്ലയിൽ 76 വാഹനങ്ങളും കോട്ടയത്ത് 21 വാഹനങ്ങളും ഇടുക്കിയിൽ രണ്ടു വാഹനങ്ങളും നികുതിയടച്ചവയിൽപ്പെടുന്നു. ഇതു കൂടാതെ മോട്ടോർ നികുതി അടയ്ക്കാൻ സ്വമേധയാ മുന്നോട്ടുവന്ന് 23 വാഹനങ്ങൾ കൂടി നികുതിയൊടുക്കിയിട്ടുണ്ട്.എറണാകുളം ആർടി ഓഫീസ് പരിധിയിൽ നികുതി ഒടുക്കാൻ നോട്ടീസയച്ച 118 വാഹനങ്ങളിൽ 40 എണ്ണം മാത്രമാണ് ഇതുവരെ നികുതിയടച്ചത്.
ആലുവ ആർടി ഓഫീസിൽനിന്നു നോട്ടീസയച്ച ഒന്പത് വാഹനങ്ങളിൽ അഞ്ചെണ്ണവും അങ്കമാലിയിൽ നിന്ന് അയച്ച എട്ടു വാഹനങ്ങളിൽ മൂന്നെണ്ണവും നികുതിയൊടുക്കി. കോട്ടയം ആർടി ഓഫീസിനു കീഴിൽ നോട്ടീസ് നൽകിയ16 വാഹനങ്ങളിൽ എട്ടെണ്ണം നികുതിയടച്ചപ്പോൾ ഇടുക്കി ആർടി ഓഫീസിനു കീഴിൽ നികുതിവെട്ടിപ്പു കണ്ടെത്തിയ രണ്ടു വാഹനങ്ങളിൽ ഒന്നു പോലും നികുതി അടയ്ക്കാൻ തയാറായിട്ടില്ല.
നികുതി അടയ്ക്കാൻ തയാറാകാത്ത വാഹനങ്ങൾക്കെതിരേ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. വാഹനവിലയുടെ 20 ശതമാനമാണ് കേരളത്തിലെ നികുതിയെന്നിരിക്കെ ഒരു കോടി രൂപ വിലയുള്ള വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്യുന്പോൾ 20 ലക്ഷം നികുതിയായി നൽകണം.
എന്നാൽ പുതുച്ചേരിയിൽ ഒരു ലക്ഷം രൂപ മാത്രം നൽകിയാൽ മതിയെന്നതാണ് വൻതോതിൽ നികുതിവെട്ടിപ്പിനു വഴിവച്ചത്. ഇത്തരത്തിൽ നികുതി വെട്ടിപ്പു നടത്തിയതുവഴി കഴിഞ്ഞ മൂന്നു വർഷത്തിനിടെ സർക്കാരിന് നൂറു കോടി രൂപയിലധികം നഷ്ടമായതായാണു കണക്ക്.