ഓടുന്ന കാറിന്റെ മുമ്പിലെ ചില്ലില്‍ പെട്ടെന്ന് പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടാല്‍ എന്താവും അവസ്ഥ. ഇത്തരത്തില്‍ ഓടുന്ന കാറിന്റെ മുന്നിലെ വിന്‍ഡ് സ്‌ക്രീനിലേക്ക് ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ വൈപ്പര്‍ ഉപയോഗിച്ച് അകറ്റിയ ദമ്പതികളാണ് ഇപ്പോള്‍ വാര്‍ത്തിയില്‍ ഇടംപിടിക്കുന്നത്.
കാര്‍ നിര്‍ത്തി പാമ്പിനെ മാറ്റുന്നതിന് പകരം വൈപ്പര്‍ ഉപയോഗിച്ച് ഒഴിവാക്കാന്‍ ശ്രമിച്ച ദമ്പതികളുടെ നടപടിക്കെതരേ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.
ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. ദമ്പതികളായ മെലിസ ഹുഡ്‌സണും റോഡ്‌നി ഗ്രിഗ്‌സും ബ്രൂസ് ഹൈവേയില്‍ നിന്ന് അലിഗേറ്റര്‍ ക്രീക്കിലേക്ക് പോകുന്നതിനിടയിലാണ് കാറിന്റെ വിന്‍ഡ് സ്‌ക്രീനിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത്.
കാറിലേക്ക് പെരുമ്പാമ്പ് ഇഴഞ്ഞു കയറിയപ്പോള്‍ ഇവര്‍ കാര്‍ നിര്‍ത്തിയില്ല. പകരം വൈപ്പര്‍ ഉപയോഗിച്ച് അതിനെ അടിച്ച് താഴേക്ക് വിടുകയാണ് ചെയ്തത്. വീണ്ടും മുകളിലേക്കിഴയാന്‍ ശ്രമിച്ച പാമ്പിനെ വൈപ്പര്‍ കൊണ്ട് തന്നെ ഇവര്‍ തടുത്തു.
പിന്നീട് പാമ്പ് വിന്‍ഡോ ഗ്ലാസിന്റെ വശത്തേക്ക് ഇഴഞ്ഞു നീങ്ങുന്നതും വിഡിയോയില്‍ കാണാം. പക്ഷേ പാമ്പിനെ വൈപ്പര്‍ ഉപയോഗിച്ച് തടുത്തതിന് ദമ്പതികള്‍ വിമര്‍ശനം നേരിടുകയാണ്.
മിണ്ടാപ്രാണിയെ വേദനിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് വിഡിയോ കണ്ടവര്‍ പറയുന്നത്.
അതേസമയം, പാമ്പിനെ കണ്ടപ്പോള്‍ ഒരു നിമിഷം പേടിച്ചുവെന്നും അത് ഇഴഞ്ഞ് കാറിനകത്തേക്കു കയറുമോയെന്ന് ഭയന്നാണ് വൈപ്പര്‍ ഓണ്‍ ആക്കിയതെന്നുമാണ് ദമ്പതികളുടെ വിശദീകരണം.
അടുത്തു തന്നെയുള്ള ട്രാഫിക്ക് സിഗ്‌നലിലെത്തി പൊലീസിന്റെ സഹായത്തോടെ പാമ്പിനെ വണ്ടിയില്‍ നിന്ന് നീക്കം ചെയ്തതായും ഇവര്‍ വ്യക്തമാക്കി. എന്തായാലും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.