ശുചിമുറിയിലെത്തിയ വീട്ടമ്മയെ അവിടെ കാത്തിരുന്നത് കൂറ്റന്‍ പെരുമ്പാമ്പായിരുന്നു. ഒടുവില്‍ ഒരുവിധത്തിലാണ് വീട്ടമ്മ പാമ്പിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത്. തായ്ലന്ഡിലായിരുന്നു സംഭവം. ശുചിമുറിയിലേക്കു കയറിയ വീട്ടമ്മയുടെ നേരെ അവിടെ പതുങ്ങിയിരുന്ന പെരുമ്പാമ്പ് ചാടിവീഴുകയായിരുന്നു. ആദ്യം വീട്ടമ്മയെ കടിച്ച പാമ്പ് പിന്നീട് അവരെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. ഭയന്നുവിറച്ച വീട്ടമ്മ ധൈര്യം വീണ്ടെടുത്ത് പാമ്പിനെ അവിടെയുണ്ടായിരുന്ന സാധനങ്ങളെടുത്ത് തിരിച്ചാക്രമിച്ചു.
ഒരുവിധത്തില്‍ പാമ്പിന്റെ തലയില്‍ പിടുത്തമിട്ട വീട്ടമ്മ സഹായത്തിനായി മകനെ വിളിച്ചു. പാമ്പിന്റെ തല തറയില്‍ അമര്‍ത്തിപ്പിടിച്ച ശേഷമാണ് വീട്ടമ്മ അലറിവിളിച്ചത്. അപ്പോഴും വീട്ടമ്മയെ പാമ്പ് വരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു. നിലവിളി കേട്ടെത്തിയ മകനോട് ചുറ്റികയും കത്തിയും ആവശ്യപ്പെട്ടു. ചുറ്റിക ഉപയോഗിച്ച് പാമ്പിന്റെ തലയിലും ശരീരത്തിലുമെല്ലാം ആഞ്ഞിടിച്ചു. കത്തിവച്ച് പാമ്പിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ശരീരത്തിലുണ്ടായിരുന്ന പാമ്പിന്റെ പിടി അയഞ്ഞു. പാമ്പിന്റെ കടിയില്‍ വീട്ടമ്മയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
പാമ്പിന്റെ പിടി അയഞ്ഞതും വീട്ടമ്മയെ മകന് വലിച്ചു പുറത്തിട്ടു. ഉടന്‍ തന്നെ പാമ്പിനെ അകത്താക്കി ശുചിമുറി അടയ്ക്കുകയും ചെയ്തു. ഉടന്‍ തന്നെ ഇവരെ ഹോസ്പിറ്റലില്‍ എത്തിച്ചു. വീട്ടമ്മയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ പാമ്പ് പിന്നീട് ചത്തു. വീട്ടമ്മയുടെ മകളായ സിറ്റിവിചായ് ആണ് ശുചിമുറിയില്‍ ചത്തുകിടക്കുന്ന പാമ്പിന്റെ ചിത്രങ്ങളും മറ്റുവിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്തായാലും സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.