അഞ്ചുവയസ്സുകാരനെ ഭക്ഷണമാക്കാനുള്ള പെരുമ്പാമ്പിന്റെ ശ്രമം പരാജയപ്പെട്ടത് മുത്തച്ഛന്റെ അവസരോചിതമായ ഇടപെടല് മൂലം.
കാലില് ചുറ്റിവരിഞ്ഞ ശേഷം അഞ്ചുവയസ്സുകാരനെയും കൊണ്ട് പെരുമ്പാമ്പ് കുളത്തിലേക്ക് ചാടുകയായിരുന്നു. എന്നാല് അപകടം മനസ്സിലാക്കി പിന്നാലെ ചാടിയ മുത്തച്ഛന് കുട്ടിയെ സാഹസികമായി രക്ഷിക്കുകയായിരുന്നു.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്സിലെ ബൈറണ് ബേയിലാണ് സംഭവം. പത്തടിയോളം നീളമുള്ള പാമ്പാണ് കുട്ടിയെ ആക്രമിച്ചത്.
പാമ്പ് കുട്ടിയുടെ കാലില് കടിക്കുകയും ചുറ്റി വരിയുകയുമായിരുന്നു. പിന്നീട് കുട്ടിയെ വലിച്ചിഴച്ച് പാമ്പ് കുളത്തിലേക്ക് ചാടി. ഇതു കണ്ട 76 വയസ്സുള്ള മുത്തച്ഛനാണ് ഒപ്പം ചാടി കുട്ടിയുടെ ജീവന് രക്ഷിച്ചത്.
ബ്യൂ ബ്ലേക്ക് എന്നാണ് രക്ഷപെട്ട കുട്ടിയുടെ പേര്. അച്ഛനും മുത്തച്ഛനുമൊപ്പം കുളത്തില് കുളിക്കാന് എത്തിയപ്പോഴായിരുന്നു അപകടം.
കുട്ടിക്കൊപ്പം ചാടിയ മുത്തച്ഛന് കുട്ടിയെ പുറത്തെടുത്ത് പാമ്പിന്റെ പിടിയില് നിന്ന് വേര്പെടുത്തുകയായിരുന്നു. കുട്ടിയുടെ അച്ഛനും ഓടിയെത്തി പാമ്പിന്റെ തലയില് അമര്ത്തിപ്പിടിച്ചു.
കുട്ടിയെ രക്ഷിച്ച ശേഷം പിടികൂടിയ പെരുമ്പാമ്പിനെ അധികൃതര്ക്ക് കൈമാറി. ഇതിന് പിന്നീട് കാട്ടില് തുറന്നുവിടും.
വിഷമില്ലാത്തതുകൊണ്ട് കുട്ടിയുടെ ജീവന് അപകടമൊന്നുമില്ലെന്ന് റിപ്പോര്ട്ടില് പറയുന്നു. കഴിഞ്ഞമാസം ഇന്തോനീഷ്യയില് 52കാരിയെ പാമ്പു വിഴുങ്ങിയിരുന്നു.