വൈക്കം: വല്ലകം പട്ടത്തിപ്പറമ്പില്‍ കഴിഞ്ഞദിവസം ആടിന്റെ കരച്ചില് കേട്ട് ഓടിച്ചെന്ന വീട്ടമ്മ കണ്ടത് ആടിനെ വരിഞ്ഞുചുറ്റിക്കിടക്കുന്ന പെരുമ്പാമ്പിനെ. പേടിച്ച് വിറച്ചു നിന്ന വീട്ടമ്മ അതുവഴി ബൈക്കില്‍ എത്തിയ യുവാവിനോടും കളിച്ചുകൊണ്ടിരുന്ന കുട്ടികളോടും കാര്യം പറഞ്ഞു. ആടിന്റെ സമീപത്ത് ചെന്ന് നോക്കിയപ്പോള്‍ ചത്ത ആടിനെ ഉപേക്ഷിച്ച് പെരുമ്പാമ്പ് കടന്നുകളഞ്ഞു.
ഈ പ്രദേശം വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന നിലയിലാണ്. നിരവധി വീടുകളാണ് സമീപമുള്ളത്. ഈ സ്ഥലത്ത് കുറച്ച് ഭാഗത്ത് കൃഷി ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. ആറുമാസമായി ഈ ഭാഗവും കാടുപിടിച്ച് കിടക്കുകയാണ്. ഇതിന് മുമ്പും പലവട്ടം ഈ പറമ്പില്‍ പെരുമ്പാമ്പിനെ കണ്ടവരുണ്ട്.
രണ്ട് മാസം മുമ്പ് വൈക്കം-തലയോലപ്പറമ്പ് റോഡില്‍ ചാലപ്പറമ്പിന് മുമ്പുള്ള ഹോട്ടലിന്റെ ഉടമ പറയുന്നത് മറ്റൊരു സംഭവം. സമയം രാത്രി പത്തുമണി കഴിഞ്ഞിരുന്നു. പുറത്തോട്ട് ഇറങ്ങിയപ്പോള്‍ കണ്ടത് റോഡിന് കുറുകെ കിടക്കുന്ന പെരുമ്പാമ്പിനെ. തിരക്കുള്ള റോഡായതിനാല്‍ പാമ്പ് പോകുന്നവരെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി. പാമ്പ് സമീപമുള്ള പറമ്പിലോട്ട് കയറി. ഈ പ്രദേശവും ഏക്കറുകണക്കിന് കാടുപോലെ കിടക്കുകയാണെന്നും കണ്ടത് ചെറിയ പെരുമ്പാമ്പിനെ ആയിരുന്നെന്നും ഹോട്ടലുടമ ഉറപ്പിച്ച് പറയുന്നു.
വല്ലകം സബ്സ്റ്റേഷന് പുറകിലുള്ള വര്‍ക്ക്ഷോപ്പ് ഉടമയ്ക്കും പറയാനുണ്ട് ചില കാര്യങ്ങള്‍. കഴിഞ്ഞമാസം രാത്രി 10 മണി കഴിഞ്ഞ് വല്ലകം പള്ളി ഭാഗത്തേക്ക് പോകാനായി കാറുമായി ഇറങ്ങിയപ്പോള്‍ കണ്ടത് റോഡിലൂടെ പോകുന്ന പെരുമ്പാമ്പിനെ. റോഡിന് വീതി കുറവായതിനാല്‍ കാറുമായി പോകാന്‍ കഴിയാതെ വന്നു. തിരിച്ച് ബൈക്ക് എടുത്തുകൊണ്ടാണ് പോയത്. തിരിച്ചെത്തിയപ്പോള്‍ പാമ്പിനെ കാണാനില്ല. വലിയ പെരുമ്പാമ്പിനെയായിരുന്നു കണ്ടതെന്നും വര്‍ക്ക് ഷോപ്പ് ഉടമ പറയുന്നു.
വല്ലകത്തും സമീപ പ്രദേശങ്ങളിലും നാട്ടുകാര്‍ കണ്ടത് ഒരു പെരുമ്പാമ്പിനെയല്ല. ഈ പ്രദേശങ്ങളില്‍ കാടുപോലെ കിടക്കുന്നത് ഏക്കറുകണക്കിന് സ്ഥലങ്ങളാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കൗണ്‍സിലര്‍ അറിയിച്ചു. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതീവജാഗ്രത പാലിക്കണമെന്നും ഫോറസ്റ്റ് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.