കുമ്പനാട്: കുമ്പനാട് ജംഗ്ഷന് സമീപമുള്ള വട്ടക്കോട്ടാൽ, പൈങ്ങാലോടി മാർത്തോമ്മാ പള്ളി ഭാഗത്ത് പെരുന്പാന്പ് ശല്യം രൂക്ഷമാകുന്നു. ഈ മേഖലയിൽ നിന്നും കഴിഞ്ഞ കുറെ മാസങ്ങളുടെ ഇടവേളയിൽ രണ്ട് പെരുമ്പാമ്പിനെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി വനംവകുപ്പിന് കൈമാറിയത്.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് കുമ്പനാട് വട്ടക്കോട്ടാൽ നാഷണൽ ക്ലബ് റോഡിൽ പൈങ്ങാലോടി മാർത്തോമ്മാ പള്ളിക്ക് സമീപം വീണ്ടും പെരുമ്പാമ്പിനെ കണ്ടത്. രാത്രി ജോലി കഴിഞ്ഞ വീട്ടിലേക്ക് പോയ പാലമറ്റത്ത് ജോജി, ഐവി ദമ്പതികളാണ് ആദ്യം പെരുമ്പാമ്പിനെ കാണുന്നത്. ഇവരുടെ നിലവിളി കേട്ട് ചുമട്ടുതൊഴിലാളിയായ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
12 അടിയിൽ അധികം നീളമുള്ള പെരുമ്പാമ്പിനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ റാന്നി ഡിവിഷനിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥർക്ക് കൈമാറി. മുന്പ് കുമ്പനാട് പുറമറ്റം റോഡിൽ വട്ടക്കോട്ടാൽ ജംഗ്ഷനു സമീപം രാത്രിയിൽ റോഡിൽ ഇറങ്ങിയ പെരുമ്പാമ്പിനെ കണ്ട് വഴിയാത്രക്കാർ ഭയന്നിരിക്കുന്നു.
കോയിപ്രം, പുറമറ്റം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഈ പ്രദേശം തരിശ് പാടമാണ്. വഴിവിളക്കുകൾ പോലും തെളിയാതെ കാടുകയറി കിടക്കുന്ന ഈ ഭാഗത്തെ റോഡിൽ കൂടി സന്ധ്യ കഴിഞ്ഞാൽ ആളുകൾ ഇഴ ജന്തുക്കളുടെ ശല്യം കാരണം യാത്ര ചെയ്യാൻ മടിക്കുന്നു. ഈ ഭാഗത്തെ കാടു വെട്ടി തെളിയിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർനിരവധി തവണ അധികൃതർക്ക് നിവേദനം നല്കിയിരുന്നു.