ഭുവനേശ്വർ: പെരുന്പാന്പ് മൃഗങ്ങളെയും പക്ഷികളെയും മനുഷ്യരെയുമൊക്കെ പിടികൂടിയ കഥ നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം രണ്ടു പെരുന്പാന്പുകളെ മറ്റൊരാൾ പിടിച്ചു. ഒരു മണ്ണുമാന്തി. സംഭവം ഒഡീഷിലെ ബെർഹംപുർ ജില്ലയിലെ പല്ലിഗുമല ഗ്രാമത്തിലാണ്.
റിസർവോയർ സൗന്ദര്യവത്കരണ ജോലികൾക്കായാണ് മണ്ണുമാന്തി കൊണ്ടുവന്നത്. പക്ഷേ, ജെസിബി കണ്ടപ്പോൾ കൗതുകം കയറിയ രണ്ടു പെരുന്പാന്പുകൾ ജെസിബിയുടെ രണ്ടു വശത്തുകൂടി മുകളിലേക്കു കയറി. എന്നാൽ, കയറിക്കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മനസിലായത്, കയറിയതുപോലെ ഇറങ്ങാനാവില്ല.
രണ്ടു പേരും ജെസിബിക്കുള്ളിൽ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജെസിബിയുടെ രണ്ട് ഭാഗങ്ങളിലായി രണ്ടു പെരുന്പാന്പുകൾ കുടുങ്ങിയതാണ് ജീവനക്കാർ കണ്ടെത്തിയത്.
രാത്രി തന്നെ സ്ഥലത്തെത്തിയ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഏഴ് അടി നീളമുള്ള ഒന്നിനെ ജെസിബിയുടെ മുകളിൽനിന്ന് എളുപ്പത്തിൽ പിടികൂടി.
എന്നാൽ, 11 അടി നീളമുള്ള പെരുന്പാന്പ് മെഷീന് അകത്തു കയറി കുടുങ്ങിപ്പോയിരുന്നു. ഇതിനെ പുറത്തെടുക്കാൻ വേണ്ടി വന്നതു നാലു മണിക്കൂറാണ്. എന്തായാലും രണ്ടു പേരെയും രക്ഷിച്ചു വനംവകുപ്പിനു കൈമാറി.