ചിങ്ങവനം: പണിസ്ഥലത്ത് പെരുന്പാന്പിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പേടിച്ചു പണി നിർത്തി.
പാന്പിനു ജീവനില്ലെന്നു കണ്ടെത്തിയതു വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും.
ചാന്നാനിക്കാട് കുന്നത്തുകടവിന് സമീപം വീപ്പനടിയിൽ ചിറയിൽ ഭൂവസ്ത്രം വിരിക്കാൻ ചിറ വൃത്തിയാക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പെരുന്പാന്പിനെ കണ്ട് ഭയന്നത്.
ഇന്നലെ രാവിലെ 11നു തോടിന്റെ പുറംബണ്ടിൽ പണിയെടുത്തുകൊണ്ടിരുന്ന സ്ത്രീ തൊഴിലാളികളാണ് പാന്പിനെ കണ്ടത്.
ഭയന്നു വിറച്ച ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് പനച്ചിക്കാട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ സ്ഥലത്തെത്തി.
കുന്നത്തുകടവിൽനിന്നും അര കിലോമീറ്ററോളം ചേറും ചെളിയും താണ്ടി ചിറ വഴി നടന്നു ചെന്നു പുല്ലിനിടയിൽ പരിശോധന നടത്തിയപ്പോഴാണ് പെരുന്പാന്പിനു ജീവനില്ലെന്നു കണ്ടെത്തിയത്.
പക്ഷേ ആ ഭാഗത്തേക്ക് ഇനി പണിക്കില്ലെന്നാണ് പേടി മാറാത്ത സ്ത്രീ തൊഴിലാളികളുടെ നിലപാട്.
വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചതിനുശേഷം പാന്പിന്റെ ജഡം സ്ഥലത്തുതന്നെ മറവു ചെയ്തു.
സ്ഥിരംസമിതി അധ്യക്ഷ പ്രിയാ മധു, പഞ്ചായത്തംഗങ്ങളായ സി.എം. സലി, ബോബി സ്കറിയ എന്നിവരും റോയി മാത്യുവിനൊപ്പമുണ്ടായിരുന്നു.