മാറിക: അന്പാട്ടുകണ്ടം കല്ലറയ്ക്കൽ ജോയിയുടെ പുരയിടത്തിൽ നിന്നും പെരുന്പാന്പുകളെ കൂട്ടത്തോടെ പിടികൂടി. ഏകദേശം 15 കിലോയിലേറെ തൂക്കംവരുന്ന എട്ടടിയുള്ളതും അഞ്ചും ആറും അടിയിലേറെ നീളമുള്ളതുമായ മൂന്നു പെരുന്പാന്പുകളെയാണ് പിടികൂടിയത്.
ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടന്ന റബർ തോട്ടത്തിൽ കന്നുകാലികളെ മേയ്ക്കാൻ പോയ വാഴയിൽ ജിബിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു ഇവ. തൊടുപുഴ അറക്കുളം ഡിവിഷന്റെ കീഴിലുള്ള വനപാലകരെ വിവരമറിയിച്ചതിനെതുടർന്ന് നാട്ടുകാരുടെയും അധികൃതരുടേയും സഹായത്തോടെ ശ്രമകരമായി ഇവയെ പിടികൂടുകയായിരുന്നു.
പുരയിടത്തിനു സമീപമുള്ള കോച്ചേരി വനമേഖലയിൽ നിന്നോ ഏകദേശം ഒരു കിലോമീറ്റർ മാറി ഒഴുകുന്ന കുണിഞ്ഞിമാറിക തോട്ടിൽ നിന്നോ വന്ന് ഈ പ്രദേശത്ത് മാസങ്ങൾക്കുമുന്‍പ് തന്പടിച്ചതാകാമെന്നു കരുതുന്നു.
പിടികൂടിയ പെരുന്പാന്പുകളെ വനപാലകർ ഇടുക്കി വനത്തിൽ തുറന്നുവിടുന്നതിനായി ചാക്കിലാക്കി കൊണ്ടുപോയി. നാട്ടുകാരായ ജോണ്‍ വാഴയിൽ, ജിബി വാഴയിൽ, സതീശൻ വേങ്ങച്ചോട്ടിൽ, ജെയിസണ്‍ മംഗലശേരി, ആലീസ് വാഴയിൽ, ബേബി വട്ടപ്പാറ, ബിജു കൊന്പൻ തുടങ്ങിയവരും വനപാപാലകരോടൊപ്പം ദൗത്യത്തിൽ പങ്കാളികളായി.