കെ.പി. രാജീവൻ
തളിപ്പറമ്പ്: അതീവസമര്ത്ഥമായ നീക്കങ്ങളിലൂടെ ഒരുവര്‍ഷം നീണ്ട ശ്രമമാണ് പഴയങ്ങാടി അല്‍ഫത്തീബി ജ്വല്ലറി കവര്‍ച്ചക്ക് പിന്നിലെന്ന വിവരം അന്വേഷണസംഘത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യസൂത്രധാരനും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖ് (42) ഒരു വെളുത്ത ആക്സിസ്125 സ്കൂട്ടര്‍ മോഷ്ടിച്ച് അത് കറുത്ത പെയിന്റടിച്ച് മൊട്ടാമ്പ്രത്തെ തന്റെ ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ചത്. മാട്ടൂൽ വായനാശാലയ്ക്ക് സമീപമുള്ള ഒരു വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറാണ് മോഷ്ടിച്ചത്.
കൂട്ടുപ്രതി മൊട്ടാമ്പ്രത്തെ പന്തല്‍പണിക്കാരനായ നൗഷാദുമായി ചേര്‍ന്ന് ജ്വല്ലറി കൊള്ളയടിക്കാനുള്ള ആസൂത്രണം തുടങ്ങി. നിരവധി വെള്ളിയാഴ്ച്ചകളില്‍ ഇവര്‍ പഴയങ്ങാടിയിലെ ജ്വല്ലറി പരിസരത്തെത്തി. ഉടമയും മറ്റ് ജീവനക്കാരും പള്ളിയില്‍ പോയി തിരിച്ചുവരുന്നതിന് എല്ലാ ആഴ്ചകളിലും 25 മിനിറ്റെങ്കിലും എടുക്കുന്നുണ്ടെന്ന് മനസിലാക്കി. പലതവണ ജ്വല്ലറിയിലെത്തി സിസിടിവി കാമറകളെക്കുറിച്ചും മറ്റും വിവരങ്ങളും ശേഖരിച്ചു.
കഴിഞ്ഞ എട്ടിന് തന്നെ മോഷണം നടത്താന്‍ കാരണം നോമ്പിന്റെ അവസാനത്തെ വെള്ളിയാഴ്ച്ചയായതിനാല്‍ കൂടുതല്‍ സമയം പള്ളിയില്‍ ചെലവഴിക്കുമെന്ന വിശ്വാസത്തിലാണ്. നോമ്പിന്റെ പ്രധാനപ്പെട്ട ദിവസമായ അവസാനത്തെ വെള്ളിയാഴ്ച്ച പള്ളിയില്‍ പോകാതിരുന്നത് തന്നെയാണ് പ്രതികളെ കുടുക്കിയതും.
ജൂണ്‍ എട്ടിന് സ്കൂട്ടര്‍ രാവിലെമുതല്‍ തന്നെ പഴയങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഉച്ചയ്ക്ക്12.15 ന് തന്നെ സ്കൂട്ടറുമായി ഇരുവരും മാടായിപ്പാറയിലെത്തി. അവിടെ നിന്ന് അവസാന തയാറെടുപ്പുകള്‍ക്ക് ശേഷം നേരെ പഴയങ്ങാടിയിലെത്തി. ഉടമ പള്ളിയിലേക്ക് പോയി എന്നുറപ്പുവരുത്തിയ ശേഷമാണ് ഷട്ടറിന് മുന്നില്‍ തുണി വലിച്ചുകെട്ടി പെയിന്റടിക്കാനെത്തിയവരുടെ വേഷത്തില്‍ കൃത്യം നിര്‍വ്വഹിച്ച് മടങ്ങിയത്.
പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് പരിസരത്തെത്തി മോഷണമുതലുകള്‍ റഫീക്കിന്റെ കാറിലേക്ക് മാറ്റിയശേഷം നൗഷാദ് സ്കൂട്ടറില്‍ കാറിനെ പിന്തടര്‍ന്നു. സ്കൂട്ടര്‍ സിസിടിവി കാമറകളില്പെടാതിരിക്കാന് കാര്‍ സ്കൂട്ടറിനെ കവര്‍ ചെയ്താണ് സഞ്ചരിച്ചത്. റഫീക്കിന്റെ മൊട്ടാമ്പ്രത്തെ ക്വാര്‍ട്ടേഴ്സിലെത്തിയ ഇരുവരും അവിടെവെച്ചാണ് സ്വര്‍ണം തൂക്കി പങ്കുവെച്ചത്. ഇതിനായുള്ള ഉപകരണവും റഫീക്ക് നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു. നൗഷാദറിയാതെ കുറച്ചുകൂടുതല്‍ ആഭരണങ്ങള്‍ റഫീക്ക് പ്രത്യേകമായി ഒളിച്ചുവയ്ക്കുകയും ചെയ്തിരുന്നു.
ഒരുതരത്തിലും തങ്ങളെ ആരും പിടികൂടില്ലെന്ന ധാരണയിലായിരുന്നു ഇരുവരും. അഥവാ ചോദ്യം ചെയ്താലും ഇവരുമായി ബന്ധിപ്പിക്കാന്‍ ഒരുതരത്തിലുള്ള തെളിവുകളും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ആത്മവിശ്വാസവും പ്രതികൾക്ക് ഉണ്ടായിരുന്നു. റഫീക്കിന്റെ ക്വാര്‍ട്ടേഴ്സിലെ മുറിയുടെ പഴയ സാധനങ്ങള്‍ കൂട്ടിയിട്ട തട്ടിന് മുകളിലാണ് സ്വര്‍ണം സൂക്ഷിച്ചത്. നൗഷാദിന്റെ ഓഹരി അയാള്‍ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
മോഷ്ടിച്ച രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ബംഗളൂരുവിലും മൈസൂരുവിലുമൊക്കെ കറങ്ങി നടന്ന സംഘം പത്രങ്ങളില്‍ വരുന്ന കേസന്വേഷണ വാര്‍ത്തകള്‍ ശ്രദ്ധിച്ചാണ് നീങ്ങിയിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പോലീസിന് ലഭിച്ച വിവരം വെച്ചാണ് റഫീക്കിനെ കസ്റ്റഡിയിലെടുത്തത്.
പ്രാഥമികമായി ചോദ്യം ചെയ്ത് വിട്ടയച്ച റഫീക്കിനെ പോലീസ് സംശയവലയത്തില്‍ നിര്‍ത്തിയിരുന്നു. നോന്പിലെ അവസാനത്തെ വെള്ളിയാഴ്ച്ച ഇവര്‍ പള്ളിയില്‍ പോയില്ലെന്ന തുമ്പ് വെച്ചാണ് പോലീസിന്റെ പിന്നീടുള്ള അന്വേഷണം നടന്നത്. ഇതോടെ റഫീക്കും നൗഷാദും തന്നെയാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസിന് ഉറപ്പായി. എന്നാല്‍ ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകളുടെ അഭാവം പോലീസിനെ കുഴക്കി.
അന്‍പതിലേറെ സിസിടിവി കാമറകളും നാലായിരത്തിലേറെ സ്കൂട്ടറുകളും പതിനാലായിരം ഫോണ്‍നമ്പറുകളും തിരഞ്ഞ് 26 പോലീസുകാര്‍ 17 ദിവസം നടത്തിയ അന്വേഷണ വിവരങ്ങളും തെളിവുകളും നിരത്തി നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിനൊടുവില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് പ്രതികള്‍ ഒടുവില്‍ കുറ്റസമ്മതം നടത്തിയത്.
തളിപ്പറമ്പ്: പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുഖ്യസൂത്രധാരന്‍ പുതിയങ്ങാടിയിലെ അഞ്ചരപ്പാട്ടില്‍ എ.പി.റഫീക്ക്(41), മാടായി പോസ്റ്റ് ഓഫീസിന് സമീപത്തെ കോഞ്ഞാട്ടെ വളപ്പില്‍ നൗഷാദ്(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ചയിലെ മുഖ്യസൂത്രധാരനായ റഫീക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്. കൂട്ടുപ്രതിയായ നൗഷാദ് പന്തല്പണിക്കാരനാണ്. റഫീക്കിനെ നേരത്തെ കസ്റ്റഡിയിലെടുത്ത കാര്യം രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ഇവര്‍ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ റഫീക്കിന്റെ വീട്ടിലെ തട്ടിന്പുറത്തുനിന്നും നൗഷാദിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. സ്വര്‍ണം പൂര്‍ണമായി തിരിച്ചുകിട്ടിയെന്ന് പോലീസ് പറഞ്ഞു. ഇത് കൂടാതെ പഴയങ്ങാടി പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന മറ്റ് ചില മോഷണങ്ങളും നടത്തിയത് ഇവരാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘത്തലവന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു.
കേസില്‍ കൂടുതല്‍ പ്രതികളില്ലെന്നും ഇവര്‍ രണ്ടുപേര്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അല്‍ഫത്തീബിയില്‍ നിന്ന് 3.4 കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് നേരത്തെ ജ്വല്ലറി ഉടമ പോലീസിനോട് പറഞ്ഞിരുന്നത്.
എന്നാല്‍ പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ തൂക്കി നോക്കിയിരുന്നു. 2.880 കിലോയാണ് പ്രതികള്‍ കവര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പോലീസ് ജ്വല്ലറിയിലെ സ്റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമായി.
നേരത്തെ തന്നെ വളരെ വ്യക്തമായി നടത്തിയ ആസൂത്രണത്തിനും റിഹേഴ്സലിനും ശേഷമാണ് പട്ടാപ്പകല്‍ പൂട്ടുപൊളിച്ചാണ് കവര്‍ച്ചാ സംഘം സ്വര്‍ണവും രണ്ടുലക്ഷം രൂപയും കൊണ്ടുപോയത്. പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണവുമായി സ്കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. സ്കൂട്ടറിനായി നടത്തിയ തെരച്ചിലില്‍ നാലായിരത്തിലധികം കറുത്ത ആക്സിസ് 125 സ്കൂട്ടറുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. പതിനായിരത്തിലേറെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചു.
പ്രതികളെ നേരത്തെ പോലീസ് കണ്ടെത്തിയിരുന്നുവെങ്കിലും തെളിവുകള്‍ ശേഖരിക്കുന്നതിന് നിരവധി കടമ്പകള്‍ കടക്കേണ്ടിവന്നിരുന്നു. കൂടാതെ ഒരുതരത്തിലും മൂന്നാംമുറ പ്രയോഗിക്കാതെ തികച്ചും ശാസ്ത്രീയമായാണ് തെളിവുകള്‍ നിരത്തി പ്രതികളെ കുറ്റസമ്മതത്തിലേക്ക് എത്തിച്ചത്. ഇതാണ് അന്വേഷണം അല്പം നീണ്ടുപോകാനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. റഫീക്കിന്റെ മൊട്ടാമ്പ്രത്തെ ക്വാര്‍ട്ടേഴ്സ് കൊള്ളമുതലിന്റെ ഗോഡൗണായിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറഞ്ഞു. എല്ലാവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ആവശ്യത്തില്‍ കൂടുതലായി ശേഖരിച്ചുവെച്ച നിലയിലായിരുന്നു ക്വാര്‍ട്ടേഴ്സ്.