കൊച്ചി: പൊതുജനങ്ങള്‍ക്കു യാത്രാവേളകളില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പോലീസില്‍ അറിയിക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി കൊച്ചി സിറ്റി പോലീസ്. ക്യുകോപ്പി എന്നാണ് ആപ്ലിക്കേഷന്‍ നല്‍കിയിരിക്കുന്ന പേര്.
യാത്രാവേളകളില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും പോലീസിന് ജനങ്ങളിലേക്ക് എത്തിക്കേണ്ട നിര്‍ദേശങ്ങള്‍ ഏതുസമയത്തും ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും പോലീസില്‍ അറിയിക്കണമെന്നു തോന്നുന്ന രഹസ്യസ്വഭാവമുള്ളതും അല്ലാത്തതുമായ വിവരങ്ങള്‍ അറിയിക്കുന്നതിനുമായാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആവിഷ്കരിച്ചിരിക്കുന്നതെന്നു സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന് അറിയിച്ചു.
കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും വളരെ വേഗത്തില്‍ വിവരങ്ങള്‍ എത്തിക്കാനും ഏറ്റവും ഫലപ്രദമായ രീതിയില്‍ നടപടികളെടുക്കാന്‍ പോലീസിനെ പ്രാപ്തരാക്കാനും പദ്ധതികൊണ്ടു സാധിക്കും. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാവേളയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് വളരെ പ്രയോജനകരമായിരിക്കും.
യാത്ര ചെയ്യുന്ന വാഹനത്തിന്റെ നമ്പറും ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉടനടി ആപ്ലിക്കേഷന്‍ വഴി പോലീസില്‍ എത്തിക്കാന്‍ കഴിയും. മെട്രോ നഗരമായ കൊച്ചിയില്‍ അനുദിനം ഉണ്ടാവുന്ന ഗതാഗത കുരുക്ക് തത്സമയം അറിയുവാനും നഗരത്തില്‍ ഗതാഗത തടസം ഉള്ളത് ഏതൊക്കെ മേഖലകളിലാണ്, എവിടെയൊക്കെയാണു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി വഴിതിരിച്ചുവിട്ടിട്ടുള്ളത്. അപകടങ്ങളോ മറ്റെന്തെങ്കിലും മൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടോ എന്നറിയാനും ആപ്ലിക്കേഷന്‍ സഹായകമാണെന്നു കമ്മീഷണര്‍ അറിയിച്ചു.
ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി കൊച്ചി സിറ്റി പോലീസ് അലേര്‍ട്ട് നമ്പറായ 9497915555 സേവ് ചെയ്തശേഷം പ്ലേ സ്റ്റേറില്നിന്നോ ആപ്പ് സ്റ്റോറില്‍നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ക്യു ആര് കോഡ് ഉപയോഗിച്ചും ആപ്പ് പ്രവര്‍ത്തിപ്പിക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സ്റ്റാര്‍ട്ടപ്പ് ആയ ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പോലീസുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും പൊതുജനങ്ങള്‍ക്ക് ഇത് ഉപയോഗപ്രദമായിരിക്കുമെന്നു കമ്മീഷണര്‍ എസ്. സുരേന്ദ്രന് അറിയിച്ചു.