അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും; സംശുദ്ധ സൈനികന്‍ എന്നു പേരെടുത്ത പുതിയ പാക് സൈനികമേധാവിയുടെ പ്രസ്താവന ഇന്ത്യയ്ക്കു പ്രതീക്ഷയാവുന്നു…

bajwa650ഇന്ത്യാ-പാകിസ്ഥാന്‍ നയതന്ത്ര ബന്ധങ്ങളില്‍ പാക് സൈനിക മേധാവിക്കുള്ള പങ്ക് വളരെ വലുതാണ്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന തീവ്രവാദികളില്‍ പലര്‍ക്കും പരിശീലനം നല്‍കുന്നത് പാകിസ്ഥാന്‍ സൈന്യവും പാക് ചാരസംഘടനയായ ഐഎസ്‌ഐയുമാണെന്നത് പരസ്യമായ രഹസ്യമാണ്. പാക് സൈനിക മേധാവിയുടെ മൗനാനുവാദത്തോടെയാവും ഇതു മിക്കവാറും നടക്കുന്നത്. പുതിയ സൈന്ിക മേധാവിയായി ഖമര്‍ ജാവേദ് ബജ്‌വ സ്ഥാനമേറ്റതോടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ കൈവന്നിരിക്കുകയാണ്. സൈനീകമേധാവിയായി സ്ഥാനമേറ്റയുടന്‍ നടത്തിയ മാധ്യമപ്രസ്താവനയില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ബജ്‌വ ഉറപ്പു നല്‍കിട്ടുമുണ്ട്.

മുന്‍ പാകിസ്ഥാന്‍ സൈനികമേധാവികളെ അപേക്ഷിച്ച് ബജ്‌വ സൗമ്യനാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ബജ് വയുടെ മുന്‍ഗാമിയായ റഹീല്‍ ഷരീഫ് പ്രകോപനമായ പ്രസ്താവനകള്‍ക്ക് പേരു കേട്ടയാളായിരുന്നു. അതിനു മുമ്പിരുന്ന അഷ്ഖഫ് പര്‍വേസ് ഖയാനിയും തീവ്രവാദത്തോടു മൃദുസമീപനം സ്വീകരിച്ചിരുന്നവരായിരുന്നു.

പാക് ആര്‍മിയുടെ മേധാവിയായി ചുമതലയേല്‍ക്കുന്ന 16-ാമത്തെ ആളാണ് ബജ്‌വ. ജനാധിപത്യപരമായ കാര്യങ്ങളില്‍ ബജ്‌വ പുലര്‍ത്തിയ മികവാണ് അദ്ദേഹത്തെ ഈ പോസ്റ്റിലെത്തിച്ചത്. എന്നാല്‍ അഹമ്മദീയ മുസ്ലിം സമുദായത്തിലെ അംഗമായതാണ് അദ്ദേഹത്തിന് അനുകൂലമായതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണമുയര്‍ന്നിരുന്നു. എന്നിരുന്നാലും രാഷ്ട്രീയ താത്പര്യമില്ലാത്ത സത്യസന്ധനായ സൈനീക ഉദ്യോഗസ്ഥനായാണ് ബജ്‌വ പൊതുവെ അറിയപ്പെടുന്നത്.

2007ല്‍ ഐക്യരാഷ്ട്രസഭയുടെ കോംഗോ മിഷനില്‍ ബ്രിഗേഡ് കമാന്‍ഡറായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തും ഇദ്ദേഹത്തിനുണ്ട്. ഇന്ത്യയുടെ മുന്‍ കരസേനാ മേധാവി ബിക്രം സിംഗായിരുന്നു അന്ന് ഡിവിഷണല്‍ കമാന്‍ഡര്‍. ഈയൊരു ബന്ധവും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ മുതല്‍ക്കൂട്ടാകുമെന്നു കരുതപ്പെടുന്നു.എന്നാല്‍ ബജ്‌വ ചാര്‍ജെടുത്തതിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ സൈനീകകേന്ദ്രത്തില്‍ ഭീകരാക്രമണമുണ്ടായത് ഇദ്ദേഹത്തിന്റെ പാത കഠിനമാണെന്നാണ് തെളിയിക്കുന്നത്.

Related posts