ഇന്ത്യയെ കണ്ടു പഠിക്കണമെന്ന് പാക് കരസേനാ മേധാവി; ഖമര്‍ ബജ്‌വ പണ്ടേ ഇന്ത്യയുടെ ആരാധകന്‍

bajwaഇസ്ലാമാബാദ്: ഇന്ത്യയെ കണ്ടു പഠിക്കണമെന്ന് പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വ . പാക് സൈന്യത്തിലെ സഹപ്രവര്‍ത്തകരോടാണ് ബജ് വ ഇക്കാര്യം പറഞ്ഞതെന്നാണ് അറിയാന്‍ കഴിയുന്നത്. സൈന്യത്തെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതാണ് ഇന്ത്യയുടെ വിജയമെന്നും ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കണമെന്നും ബജ് വ പാക് സൈനീകരോടു പറഞ്ഞതായും സൂചനയുണ്ട്. ഇന്ത്യയുമായി സഹകരിക്കുന്നതില്‍ വിമുഖനായിരുന്ന മുന്‍ ജനറല്‍ റഹീല്‍ ഷരീഫില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥനാണ് ബജ്‌വ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിലോ രാജ്യം ഭരിക്കുന്നതിലോ സൈന്യത്തിനു യാതൊരു പങ്കുമില്ലെന്ന് പറഞ്ഞാണ് ബജ്‌വ പാക് സൈന്യത്തെ ഞെട്ടിച്ചത്.

‘ആര്‍മി ആന്‍ഡ് നേഷന്‍: മിലിട്ടറി ആന്‍ഡ് ഇന്ത്യന്‍ ഡെമോക്രസി’. എന്ന പുസ്തകമാണ് ബജ് വ സഹപ്രവര്‍ത്തകര്‍ക്കായി നിര്‍ദ്ദേശിച്ചത്. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലെ ഇന്ത്യാ ആന്‍ഡ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗം പ്രഫസറായ സ്റ്റീവന്‍ വില്‍കിന്‍സനാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. 2015ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം വ്യാപകമായ നിരൂപക പ്രശംസ നേടിയിരുന്നു. സൈന്യത്തെ രാഷ്ട്രീയത്തില്‍ നിന്നു അകറ്റിനിര്‍ത്തുന്നതില്‍ ഇന്ത്യ എങ്ങനെ വിജയിച്ചു എന്നതു പ്രതിപാദിക്കുന്നതാണ് മുന്നൂറോളം പേജുള്ള ഈ പുസ്തകം. 1992ല്‍ ഇന്ത്യന്‍ അതിര്‍ത്തിയ്ക്കു സമീപം ജോലി ചെയ്തതുമുതലാണ് ഇന്ത്യയേക്കുറിച്ചറിയാന്‍ ബജ്‌വ തല്‍പരനായത്. ഇന്ത്യയുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്നും ഇദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

Related posts