മുക്കം: സൗദി അറേബ്യയും യു.എഇ യും ബഹറൈനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറുമായുള്ള ആകാശ ബന്ധം അടച്ചതോടെ ആയിരക്കണക്കിന് വിദേശ മലയാളികളും നാട്ടിൽ കഴിയുന്ന കുടുംബങ്ങളും ആശങ്കയിലായി. വിവിധ ആവശ്യങ്ങൾ മുന്നിൽ കണ്ടും അവധിക്കും നാട്ടിലേക്ക് വരാൻ തയാറെടുത്തവരുടെ യാത്ര മുടങ്ങിയിരിക്കുകയാണ്. ഇന്നലെയും ഇന്നും തുടർ ദിവസങ്ങളിലുമായി ഖത്തർ വഴി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച മലബാറിൽ നിന്നുള്ളവരാണ് യാത്ര മുടങ്ങി ബുദ്ധിമുട്ടിലായത്
കോഴിക്കോട്ടേക്ക് സൗദിയിലെ ജിദ്ദയിൽ നിന്നടക്കം നേരിട്ട് സർവ്വീസില്ലാത്തതിനാൽ ഖത്തർ വഴിയാണിപ്പോൾ യാത്രയെല്ലാം. കോഴിക്കോട്ട് നിന്ന് ദമാം, റിയാദ് ഒഴികെയുള്ള ഗൾഫ് യാത്രയും ഇങ്ങിനെത്തന്നെ. വിവിധ ആവശ്യങ്ങൾക്കായി ഇന്നും നാളെയുമായി സൗദിയിൽ നിന്നുള്ള ബന്ധുക്കളുടെ വരവ് കാത്തിരുന്നവർ നിരാശരായി. ടിക്കറ്റ് മാറ്റിയെടുത്തുള്ള യാത്ര സാധാരണക്കാരെ സംബന്ധിച്ചേടത്തോളം അത്ര എളുപ്പമല്ല.
പെരുന്നാളിലേക്ക് നാട്ടിൽ വരാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നവരും അവരെ പ്രതീക്ഷിച്ചിരിക്കുന്ന കുടുംബങ്ങളും ആശങ്കയിലാണ്. ട്രാവൽ ഏജൻസികളിൽ ഇവരുടെ ഫോൺ വിളികൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെല്ലാവരും. ഇതിനിടെ ഖത്തറിൽ കഴിയുന്നവരെയോർത്ത് അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്. കോഴിക്കോട് ജില്ലയിൽനിന്ന് ഒട്ടേറെ പേർ ഖത്തറിൽ ജോലിയെടുക്കുന്നുണ്ട്.