മട്ടന്നൂര്‍: സ്വർണ വ്യപാരിയായ യമന്‍ സ്വദേശിയെ ഖത്തറില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ യുവാക്കള്‍ ഒളിവില്‍. ഖത്തറിലെ സ്വര്‍ണവ്യാപാരിയെ പെരുന്നാളിന് തൊട്ടുമുമ്പ് കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ആഭരണങ്ങളും പണവും കവര്‍ന്ന നാലംഗസംഘത്തില്പെട്ട പാലോട്ടുപള്ളി സ്വദേശികളായ മൂന്ന് യുവാക്കളാണ് ഒളിവില്‍ പോയത്.
ഇവരുടെ കൂട്ടാളിയായ പലോട്ടുപള്ളിയിലെ യുവാവിനെ ഖത്തര്‍ പോലീസിന്റെ പിടിയിലായതായി വിവരമുണ്ട്. മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശി ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും കൂടെ താമസിക്കുന്നയാളുമാണ് യമന്‍കാരനായ സ്വര്‍ണവ്യാപാരി.
പെരുന്നാളിന് തൊട്ടുമുമ്പത്തെ ദിവസം ഇയാളുടെ കൈവശം കോടിക്കണക്കിന് രൂപയും ആഭരണങ്ങളുമുണ്ടെന്ന് മനസിലാക്കിയ യുവാവ് മോഷണവും കൊലപാതകവും ആസൂത്രണം ചെയ്തതെന്നാണ് സൂചന. പാലോട്ടുപള്ളി സ്വദേശികളായ യുവാക്കളും ചേര്‍ന്നാണ് ഖത്തറിനെ ഞെട്ടിച്ച അരുംകൊലയും മോഷണവും നടന്നത്.
അതിനു ശേഷം യുവാക്കളിൽ ചിലർ സ്വന്തം നാടായ മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെത്തുകയായിരുന്നു. പെരുന്നാള്‍ ദിനം സുഹൃത്തുക്കളോടൊപ്പം പാലോട്ടുപള്ളിയിലും പരിസരങ്ങളിലും ആഘോഷിച്ച സംഘം ഒരാൾ പിടിയലായെന്ന വാര്‍ത്ത ലഭിച്ചതോടെ ഒളിവില്‍ പോവുകയായിരുന്നു.
ഖത്തറിലെ കൊലപാതകത്തിന്് ശേഷം കേരളത്തിലേക്ക് രക്ഷപ്പെട്ട സംഘത്തെക്കുറിച്ച് ഖത്തര്‍ പോലീസിനും കേരള പോലീസിനും കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇവരെ കേരള പോ ലീസ് നിരീക്ഷിച്ചുവരുന്നതിനിടെയാണ് മുങ്ങിയത്.