സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോകകപ്പിലെ കാമറാമാന് നീതി പാലിക്കുക, അര്‍ജന്റീന യുടെ ഗോള്‍ പോസ്റ്റും ഗോളിയെയും ടിവിയില്‍ കാണിക്കുക… ഇന്നലെ പോളണ്ടിനെ പാളിഷാക്കി ജയിച്ചുകയറിയപ്പോള്‍ മുതല്‍ പ്രചരിക്കുന്ന ട്രോളുകളില്‍ ഒന്നാണിത്. സത്യമാണിത്.
ഇന്നലെ അര്‍ജന്റീനന്‍ ഗോളിക്ക് വലിയ പണിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പോളണ്ട് ഗോളിക്കാകട്ടെ രണ്ടു മല്‍സരത്തിന്റെ പണിയും. മെസിയും കൂട്ടരും പെനാല്‍റ്റി ബോക്സില്‍ കയറി ഇറങ്ങി. മധ്യനിരയും കീഴടക്കി.
നിരന്തരം ആക്രമിച്ചു കയറിയ മെസിയും കൂട്ടരും ശരിക്കും അര്‍ജന്റീന ഗോളിയുടെ പണി ഇല്ലാതാക്കി. ഇതുമായി ബന്ധപ്പെട്ട് അനവധി ട്രോളുകളാണ് പ്രചരിക്കുന്നത്.
ആദ്യം മത്സരം പരാജയപ്പെട്ടപ്പോൾ ഗ്രൂപ്പ് ഘട്ടം കടക്കുമോ എന്ന് ചോദിച്ചവർക്ക് മുന്നിൽ ഇതാ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിത്തന്നെ രാജാവും പിള്ളേരും അടുത്ത റൗണ്ടിലേക്ക് രാജകീയമായി കടന്നിരിക്കുന്നു….. വിരോധികളെ…..കണ്ണ് തുറന്ന് തന്നെ കാണുക.
ഒരു കളിആകുമ്പോൾ പന്ത് പോളണ്ടിനും തട്ടാൻ കൊടുക്കണം ഇത് അര്‍ജന്റീന മാത്രം തട്ടിക്കളിക്കുക എന്നിട്ട് ഇടയ്ക്ക് ഗോൾ അടിക്കുക, വരുവാനില്ലാരുമീ വിജനമാം ഗോള്‍ പോസ്റ്റില്‍…
തുടങ്ങി അര്‍ജന്റീനയുടെ കളിയുടെ മേന്മ പ്രചരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.മെസിയുടെ പെനാല്‍ട്ടി പാഴാക്കല്‍ ഈ ട്രോളുകളില്‍ മുങ്ങിപ്പോയി. സൗദിയുമായുള്ള തോല്‍വിയോടെ തങ്ങളെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടി കൂടിയാണ് ട്രോളുകളില്‍ നിറയുന്നത്.
പ്രീ ക്വാര്‍ട്ടറില്‍ താരതമ്യേന ദുര്‍ബലരായ ഓസ്ട്രേലിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍ എന്നതും ആരാധകര്‍ക്ക് വലിയ ആശ്വാസം പകരുന്നു.