ദോഹ: എന്തൊരു മത്സരമായിരുന്നു അത്. വിജയിക്കാനുറച്ച് അർജന്റീനയും വിട്ടുകൊടുക്കാതെ നിലവിലെ ചാന്പ്യൻമാർക്കൊത്ത പ്രകടനവുമായി ഫ്രാൻസും.
രണ്ടു ഗോളിന്റെ ലീഡ് രണ്ടു മിനിറ്റിൽ ഇല്ലാതാക്കിയ കിലിയൻ എംബാപ്പെയുടെ മാസ്മരിക പ്രകടനം. അധികസമയത്ത് അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ച് സൂപ്പർ താരം മെസിയുടെ ഗോൾ. പത്തു മിനിറ്റിനുശേഷം എംബാപ്പെയുടെ സമനിലഗോൾ; ഫൈനലിലെ ഹാട്രിക്കും.
ഒരുവിൽ അനിവാര്യമായ പെനൽറ്റി ഷൂട്ടൗട്ട്. ആദ്യ ഷോട്ടെടുടുത്ത എംബാപ്പെയും മെസിയും ലക്ഷ്യംകണ്ടു. ഫ്രാൻസിന്റെ രണ്ടും മൂന്നും ഷോട്ടെടുത്ത കിംഗ്സ്ലി കോമനും ചൗമെനിക്കും പിഴച്ചപ്പോഴേ ചുവരെഴുത്തു വ്യക്തമായിരുന്നു.
പിന്നെയെല്ലാം തിരക്കഥ പോലെതന്നെ. മോണ്ടിയലിന്റെ നാലാം ഷോട്ട് ഫ്രാൻസ് വല തുളച്ചപ്പോൾ ലോകകപ്പിന് പുതിയ അവകാശികൾ. ലയണൽ മെസിക്ക് കാവ്യനീതിപോലൊരു ലോകകിരീടവും.
ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അർജന്റീനയുടെ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ച എയ്ഞ്ചൽ ഡി മരിയയുടെയും സൂപ്പർ താരം ലയണൽ മെസിയുടെയും മിന്നും പ്രകടനമാണ് അർജന്റീന വിജയത്തിന്റെ കേന്ദ്രബിന്ദു. ലയണൽ മെസി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കിയും, പിന്നാലെ രണ്ടാം ഗോൾ നേടിയും മരിയയാണ്.
നീലക്കടൽ
മത്സരത്തിന്റെ തുടക്കം മുതൽ അർജന്റന്ൈറൻ തിരമാലയാണു ലുസെയ്ൽ സ്റ്റേഡിയത്തിൽ ആഞ്ഞടിച്ചത്. മൂന്നാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ ഗോൾശ്രമം ഓഫ്സൈഡിൽ കലാശിച്ചു.
തൊട്ടുപിന്നാലെ മക് അലിസ്റ്ററുടെ ലോംഗ്റേഞ്ചർ ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് കൈയിലാക്കി. ഫൈനലിൽ ആദ്യ ഇലവനിൽ ഇടംപിടിച്ച എയ്ഞ്ചൽ ഡി മരിയയെ കേന്ദ്രീകരിച്ചായിരുന്നു അർജന്റീനയുടെ മുന്നേറ്റങ്ങൾ. പന്തു കിട്ടിയപ്പോഴൊക്കെ മരിയ വിംഗുകളിലൂടെ ഫ്രഞ്ച് ബോക്സിൽ അപകടം വിതച്ചു.
17-ാം മിനിറ്റിൽ മെസി നൽകിയ പാസ് സ്വീകരിച്ച ഡി മരിയയ്ക്ക് അവസരം മുതലാക്കാനായില്ല. 20-ാം മിനിറ്റിൽ ഫ്രാൻസിന് ആദ്യ അവസരം.
ആൻത്വാൻ ഗ്രീസ്മന്റെ ഫ്രീകിക്കിന് ഒലിവിയെ ജിറൂദ് ഉയർന്നുചാടി തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ അർജന്റീനയുടെ ആഹ്ളാദനിമിഷം.
മാലാഖ അവതരിച്ചു
വിംഗിലൂടെ ബോക്സിനകത്തേക്ക് കുതിച്ച എയ്ഞ്ചൽ ഡി മരിയയെ ഒൗസ്മാൻ ഡെംബലെ വീഴ്ത്തുന്നു. അർജന്റീനയ്ക്ക് പെനാൽറ്റി. കിക്കെടുത്തത് സൂപ്പർ താരം ലയണൽ മെസി. കിക്കെടുത്ത അർജന്റീന നായകനു തെറ്റിയില്ല.
ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് മെസിയുടെ കൂൾ ഷോട്ട് വലയിൽ. ലുസെയ്ൽ സ്റ്റേഡിയം ആർത്തലച്ചു. മെസിയുടെ ടൂർണമെന്റിലെ ആറാം ഗോൾ (സ്കോർ: 1-0).
ഗോളടിച്ച ശേഷവും അർജന്റീന ആക്രമിച്ചുതന്നെയാണു കളിച്ചത്. 36-ാം മിനിറ്റിൽ അവർ ലീഡുയർത്തി. ഇത്തവണ ഗോൾവന്നതു ഡി മരിയയിൽനിന്ന്.
മെസി തുടങ്ങിവെച്ച മുന്നേറ്റമാണു ഗോളിൽ കലാശിച്ചത്. മെസിയിൽനിന്നു പന്ത് സ്വീകരിച്ച് മക് അലിസ്റ്റർ ഓടിക്കയറി നൽകിയ പാസ് ഫിനിഷ് ചെയ്യണ്ട ജോലിയേ ഡി മരിയയ്ക്കുണ്ടായിരുന്നുള്ളൂ (സ്കോർ: 2-0).
പിന്നാലെ ഫ്രാൻസ് പരിശീലകൻ ദിദിയെ ദേഷാംപ് ഡെംബലയെയും ജിറൂദിനെയും മടക്കിവിളിച്ചു. പകരം, മാർക്കസ് തുറാം, റൻഡാൽ കോളോ മുവാനി എന്നിവരെ കളത്തിലിറക്കി.
ഒരു ഗോൾ തിരിച്ചടിക്കാനായി ഫ്രാൻസ് പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം അർജന്റീന പ്രതിരോധം വിഫലമാക്കി.
എംബാപ്പെ കൊടുങ്കാറ്റ്
രണ്ടാം പകുതിയിൽ ഫ്രാൻസ് തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ കടുപ്പിച്ചു. 64-ാം മിനിറ്റിൽ ഡി മരിയയെ പിൻവലിച്ച് അർജന്റീന അക്യൂനയെ കൊണ്ടുവന്നു.
71-ാം മിനിറ്റിൽ പന്തുമായി മുന്നേറിയ എംബാപ്പെ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
79-ാം മിനിറ്റിൽ ഫ്രാൻസ് ഒരുഗോൾ മടക്കി. ബോക്സിനുള്ളിൽ വെച്ച് കോലോ മുവാനിയെ ഒട്ടമെൻഡി വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി സൂപ്പർതാരം കിലിയൻ എംബാപ്പെ വലയിലെത്തിച്ചു.
ഈ ഗോളിന്റെ ഞെട്ടൽ മാറുംമുൻപേ ഫ്രാൻസ് അടുത്തവെടി പൊട്ടിച്ചു. ഇത്തവണയും ലക്ഷ്യംകണ്ടത് എംബാപ്പെ തന്നെ. മാർക്കസ് തുറാം ബോക്സിലേക്ക് ഉയർത്തിനൽകിയ പന്ത് തകർപ്പൻ വോളിയിലൂടെ എംബാപ്പെ വലയിലെത്തിക്കുകയായിരുന്നു. രണ്ടു മിനിറ്റിനുള്ളിൽ രണ്ടു ഗോളുകൾ വഴങ്ങി അർജന്റീന ലീഡ് കളഞ്ഞുകുളിച്ചു.
മെസി-എംബാപ്പെ
നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും വിജയഗോൾ നേടാനാകാതെ പോയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു.
എക്സ്ട്രാ ടൈമിൽ ലയണൽ മെസി നേടിയ ഗോളിൽ വീണ്ടും അർജന്റീന മുന്നിൽ (108’). എന്നാൽ പത്തു മിനിറ്റിനുശേഷം കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസിന്റെ മറുപടി.
സ്വന്തം ബോക്സിനുള്ളിൽ അർജന്റീന താരം മോണ്ടിയൽ പന്ത് കൈകൊണ്ട് തൊട്ടതിനു ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് എംബാപ്പെ ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചത്.
ഇതോടെ എംബാപ്പെ ഹാട്രിക്കും തികച്ചു. മത്സരം വീണ്ടും സമനിലയിലായതോടെ വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട്. ഒടുവിൽ യുവതാരങ്ങൾക്കു പിഴച്ചതോടെ ഫ്രാൻസിന് തലകുനിച്ചു മടക്കം.