ന്യൂഡൽഹി: ഖത്തറിൽ തടവിലായ ഒരു മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച സംഭവത്തിൽ ഖത്തറുമായി സംസാരിക്കുമെന്ന് ഇന്ത്യ അറിയിച്ചു.
വിധി ഞെട്ടിപ്പിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ഓഗസ്റ്റിലാണ് ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന കമ്പനിയിലുള്ള ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്തത്.
ഇവർ അൽദഹ്റ എന്ന പേരുള്ള കമ്പനിയിലേക്കാണ് ജോലിചെയ്യാൻ പോയത്. ഖത്തർ നാവിക സേനയ്ക്ക് പരിശീലനം നൽകുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് അൽദഹ്റ.
ചാരവൃത്തി ആരോപിച്ചാണ് വധശിക്ഷയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇന്ത്യാക്കാർക്കെതിരേ ചുമത്തിയ കുറ്റം ഇതുവരെ ഔദ്യോഗികമായി ഖത്തർ അറിയിച്ചിട്ടില്ല.
ഉദ്യോഗസ്ഥർക്ക് 60 വയസിന് മുകളിലാണ് പ്രായമെന്നാണ് വിവരം. രാഗേഷ് എന്നാണു മലയാളിയുടെ പേര്. വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടവർ കഴിഞ്ഞ ഒരു വർഷമായി ഖത്തറിൽ ജയിലിൽ കഴിയുകയാണ്.