ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യൻ മുൻ നാവികസേന ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. നേരത്തെ, ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെത്തുടർന്ന് വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചിരുന്നു.
നാവിക ഉദ്യോഗസ്ഥരിൽ ഏഴ് പേർ ഇതിനകം ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. “ഖത്തറിൽ തടങ്കലിലായ ദഹ്റ ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന എട്ട് ഇന്ത്യൻ പൗരന്മാരെ വിട്ടയച്ചതിനെ ഇന്ത്യൻ സർക്കാർ സ്വാഗതം ചെയ്യുന്നു.
അവരിൽ എട്ട് പേരിൽ ഏഴ് പേരെയും ഇന്ത്യയിലേക്ക് മടങ്ങി. ഈ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും അനുവദിച്ചുളള ഖത്തർ സ്റ്റേറ്റ് അമീറിന്റെ തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു’.
ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് 2022 ഒക്ടോബറിലാണ് എട്ട് ഇന്ത്യക്കാരെ ഖത്തർ തടവിലാക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തത്.
നേരത്തെ, ദുബായിൽ സിഒപി28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ കാണുകയും ഉഭയകക്ഷി പങ്കാളിത്തത്തെക്കുറിച്ചും ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ചും ചർച്ച ചെയ്തിരുന്നു.