ദോഹ:വിദേശത്തു ജോലിയും വിസയും വാഗ്ദാനം ചെയ്ത് യുവാക്കളെ വിദേശത്തേക്കു കയറ്റി അയക്കുന്ന കഞ്ചാവു റാക്കറ്റ് സംഘം സജീവമാണെന്ന് ഒരമ്മയുടെ കണ്ണീരിൽ കുതിർന്ന വെളിപ്പെടുത്തൽ. 15,000 രൂപ വാങ്ങി ഒരു മാസത്തെ വീസയും ടിക്കറ്റും നൽകി വിദേശത്തേക്കു കയറ്റിവിടുന്ന യുവാക്കളെ അവരറിയാതെ കഞ്ചാവു റാക്കറ്റിന്റെ കണ്ണിയായി ഉപയോഗിക്കുകയാണിവർ.
വിദേശത്തേക്കു പോകും മുൻപ് വിദേശത്തുള്ള ബന്ധുവിനുള്ളതെന്ന പേരിൽ നൽകുന്ന ബാഗുകളിൽ കഞ്ചാവു നിറച്ചാണ് അവരറിയാതെ യുവാക്കളെ കഞ്ചാവു മാഫിയയുടെ കാരിയർമാരായി മാറ്റുന്നത്. ഖത്തറിൽ വിമാനമിറങ്ങുമ്പോൾ കൈവശമുള്ള പൊതിയിൽ കഞ്ചാവു കണ്ടെ ടുത്ത കേസിൽ പിടിക്കപ്പെട്ട് ഖത്തർ ജയിലിൽ കഴിയുന്നത് 36 മലയാളി യുവാക്കൾ അടക്കം ഏകദേശം 60-ാളം ഇന്ത്യക്കാരാണെന്നത് ഈ ലോബിയുടെ വലുപ്പം സൂചിപ്പിക്കുന്നു. ഒരുമാസത്തെ വീസക്കു ഖത്തറിൽ വിമാനമിറങ്ങിയവരാണ് ഇവരിലേറെയും.
എയ്ഞ്ചൽവാലി കാരന്താനം പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മയാണ് തന്റെ മകൻ കെവിൻ (26) അടക്കമുള്ള മലയാളി യുവാക്കളെ ഏജന്റുമാർ ചതിച്ചതാണെന്നു കാട്ടി രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 27-നാണ് റോസമ്മയുടെ മകൻ കെവിൻ ഖത്തറിൽ ജയിലിലായത്. അതേപ്പറ്റി പറയുമ്പോൾ റോസമ്മയുടെ കണ്ഠമിടറും.
പിതാവ് മാത്യുവിന്റെ മരണത്തോടെ കുടുംബഭാരം ചുമലിലായ കെവിൻ കണ്ണൂരിൽ പ്രതീക്ഷ എന്ന ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് അവിടെ വന്ന രണ്ടുപേർ സൗഹൃദം സ്ഥാപിച്ചത്. 15,000 രൂപ നൽകിയാൽ ഒരു മാസത്തേക്കു വീസ നൽകാമെന്നും തുടർന്ന് ഖത്തറിൽ ബന്ധുവിന്റെ സൂപ്പർ മാർക്കറ്റിൽ ഉയർന്ന ശബളത്തിൽ ജോലിയും തുടർ വീസയും സംഘടിപ്പിക്കാമെന്നും ഇവർ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കെവിൻ ഇവരുടെ ജോലി വാഗ്ദാനത്തിൽ വീണു.
ഉറ്റവരോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞ് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുമായി പോയ കെവിൻ എന്നാൽ, ഖത്തറിൽ വിമാനമിറങ്ങിയ ഉടൻ പോലീസ് പിടിയിലാവുകയായിരുന്നു. കെവിനു വീസ നൽകിയ ബാർ ഹോട്ടലിൽ നിന്നു പരിചയപ്പെട്ട രണ്ടുപേർ വിമാനത്താവളത്തിൽ നിന്നു പുറപ്പെടുംന്നതിനു തൊട്ടുമുമ്പ് കെവിന്റെ കൈവശം ഒരു ബാഗ് നൽകിയിരുന്നു. ഈ ബാഗ് ഖത്തറിൽ ഇവരുടെ ബന്ധുവിനു നൽകണമെന്നാണു നിർദേശിച്ചിരുന്നത്. ബാഗ് വാങ്ങാനെത്തുന്ന ആളുടെ സൂപ്പർ മാർക്കറ്റിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്.
ബാഗു തുറന്നു നോക്കാൻ തുടങ്ങിയ കെവിനോട് ബാഗിൽ ഭക്ഷണവും വസ്ത്രങ്ങളുമാണെന്നും തുറന്നു നോക്കരുതെന്നും പറഞ്ഞിരുന്നു. അതു ചതിയായിരുന്നെന്നും സൗഹൃദം ഭാവിച്ചവർ കഞ്ചാവ് റാക്കറ്റിന്റെ ഏജന്റുമാരായിരുന്നുവെന്ന് കെവിൻ അറിഞ്ഞിരുന്നില്ലെന്നും റോസമ്മ പറയുന്നു. 16 കിലോ ഭാരമുണ്ടായിരുന്ന ഈ ബാഗിൽ തുണിയുടെ നടുക്കായി നാലു കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.
ഖത്തറിൽ ജയിലിലായ യുവാക്കളിൽ ഏറെയും കരിപ്പൂർ വിമാനത്താവളം വഴിയാണ് കടന്നുപോയത്. കഞ്ചാവു മാഫിയയുടെ ആളുകൾ കരിപ്പൂർ വിമാനത്താവളത്തിലുണ്ടെന്ന് റോസമ്മ പറയുന്നു. ബാഗിലെ കഞ്ചാവ് കരിപ്പൂരിൽ പിടിക്കപ്പെടാത്തത് എന്തുകൊണ്ടാണെന്നും ഇത് ഇവിടുള്ള ഉദ്യോഗസ്ഥരുടെ അറിവില്ലാതെ എങ്ങനെ വിമാനത്തിൽ കയറ്റാനാകുമെന്നും റോസമ്മ ചോദിക്കുന്നു.
കെവിന്റെ ജയിൽ മോചനത്തിനായി അന്വേഷണം നടത്തിയപ്പോഴാണ് ഇത്തരത്തിൽ നിരപരാധികളായ നിരവധി യുവാക്കൾ കെണിയിൽപെട്ട് ജയിലിലുണ്ടെന്നു റോസമ്മ അറിഞ്ഞത്. മകന്റെ മോചനത്തിനായി എംബസിക്കും ഖത്തർ ഭരണകൂടത്തിനും വാസ്തവം വിവരിച്ചു റോസമ്മ നിവേദനം നൽകിയിരുന്നു.
വീസ തട്ടിപ്പ് നടത്തുന്ന കേരളത്തിലെ കഞ്ചാവ് റാക്കറ്റിനെതിരെ ഇന്ത്യൻ വിദേശകാര്യ വകുപ്പിനും കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും പരാതികളും നൽകി. അന്വേഷണം ആവശ്യപ്പെട്ടും കെവിൻ ഉൾപ്പെടെ ജയിലിൽ കഴിയുന്ന മലയാളി യുവാക്കളുടെ നിരപരാധിത്വം തെളിയിക്കാനുമായി കേരള ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റോസമ്മ.