ദോഹ: ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഓ..സഹിക്കാന്‍ പറ്റുന്നില്ല… ടെന്‍ഷന്‍ തന്നെ. നാളെ 8.30-ന് ഖത്തറിലെ പുല്‍മൈതാനത്ത് പന്തിന് തീപിടിക്കുമ്പോള്‍ ആരാധകര്‍ നെഞ്ചിടിപ്പിലാണ്.
ഫ്രാന്‍സും അര്‍ജന്റീനയുമാണ് കളത്തില്‍ .അതുകൊണ്ടുതന്നെ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല. എന്തും സംഭവിക്കാം. കളിക്കളത്തില്‍ കരുത്തരാണ് ഇരുവരും.
ആരാധനാതാരങ്ങളും ഇരുടീമുകളിലുമുണ്ട്. കഴിയുന്നതും ഈ രണ്ട് ടീമുകളും മുഖാമുഖം വരരുതേ എന്ന പ്രാര്‍ത്ഥിച്ചവരാണ് ഇരു ടീമുകളുടെ ആരാധകരും. പക്ഷെ കലാശപോരാട്ടത്തില്‍ ഇതില്‍ പരം സൂപ്പര്‍ ക്ലൈമാക്സ് വേറെ എന്ത്.
ലാറ്റിന്‍ അമേരിക്കന്‍ സൗന്ദര്യമാണ് അര്‍ജന്റീന. ടോട്ടല്‍ ഫുട്ബോളിന്റെ കരുത്താണ് ഫ്രാന്‍സിനെ നയിക്കുന്നത്. പെനാല്‍റ്റി ബോക്സില്‍ കയറിയശേഷം ചാരുതയോടെ പന്തിനെ വലയ്ക്കുള്ളിലേക്ക് തഴുകി വിടുന്നതാണ് അര്‍ജന്റീനയുടെ ശൈലി. പറഞ്ഞു പഴകിതിനാല് മെസിയുള്‍പ്പെടെയുള്ള താരങ്ങളെ കുറിച്ച് അധികം പറയേണ്ടതില്ല.
പലപ്പോഴും ലോംഗ് ഷൂട്ടിനേക്കാള്‍ ഉള്ളില്‍ കയറിയുള്ള കളിക്കാണ് അര്‍ജന്റീന പ്രധാന്യം കൊടുക്കുന്നത്. അതിന് ഗുണവും ഉണ്ട് ദോഷവും ഉണ്ട്. ലോകകപ്പില്‍ കൂടുതല്‍ പെനാല്‍റ്റി ലഭിച്ച ടീമുകളില്‍ ഒന്നാണ് അര്‍ജന്റീന.
ഇതിനുകാരണം ബോക്സിലേക്കുള്ള ഈ കടന്നുകയറ്റം തന്നെ… വലിയ ബലഹീനതയായി പറയപ്പെടുന്നതാകട്ടെ ആദ്യം ഗോള്‍ സ്വന്തം വലയില്‍ വീണാല്‍ സമ്മര്ദ്ധത്തിലാകുന്നതാണ്.
അതേസമയം ലോംഗ് ഷോട്ടുകള്‍ വലയിലേക്ക് തുളച്ചുകയറുന്നത് ഫ്രാന്‍സിന്റെ കളികണ്ടവര്ക്ക് ഒരു പുതുമയുള്ള കാര്യമല്ല. പവര്‍ ഷോട്ടുകളാണ് എംബാപ്പെയുള്പ്പെടെയുള്ളവരുടെ കരുത്ത്.
ബോക്സിലേക്ക് കടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുറത്തുനിന്ന് ലോംഗ് റേഞ്ചറുകള്‍ കളിക്കുകഎന്നതാണ് രീതി. ഇതിനുള്ള പവര്‍ ഒരിക്കലും കുറയാതെ ഫ്രാന്‍സ് ടീം അംഗങ്ങള്‍ കാണിക്കാറുണ്ട്. അതുതന്നെയാണ് ടീമിന്റെ പ്രധാനശക്തിയും.
അതേസമയം ട്രിബ്ളിംഗിലും പാസുകള്‍ കൈമാറി മുന്നോട്ടുകുതിക്കുന്നതിലും അര്‍ജന്റീനയെ അപേക്ഷിച്ച്
നോക്കുമ്പോള്‍ ഫ്രാന്‍സ് പിന്നിലാണ്. പക്ഷെ കായിക ശക്തിയില്‍ ഏറെ മുന്നിലും. ഹെഡറുകള്‍ വഴി ഗോള്‍ നേടുന്നതിലും മുന്പില് തന്നെ.