ദോഹ: വീസയില്ലാതെ ഇന്ത്യക്കാർക്ക് ഇനി ഖത്തർ സന്ദർശിക്കാം. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് തുടങ്ങി 80 രാജ്യങ്ങൾക്കാണ് ഖത്തർ സൗജന്യം അനുവദിച്ചിരിക്കുന്നത്. ഖത്തർ ടൂറിസം അതോററ്റി ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസക്ക് അപേക്ഷ നൽകുകയോ ഫീസ് അടയ്ക്കുകയോ വേണ്ട. ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രം മതി ഇനി ഖത്തറിൽ പ്രവേശിക്കാൻ. 30 ദിവസം മുതല്‍ 180 ദിവസം വരെയുള്ള പലതരത്തിലുള്ളതായിരിക്കും താമസാനുമതി. ചിലതില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കും.
സന്ദര്‍ശകന്റെ പൗരത്വം അനുസരിച്ച് 180 ദിവസംവരെ ഖത്തറിൽ തങ്ങാനുള്ള അനുമതി ലഭിക്കും. അല്ലെങ്കില്‍ 90 ദിവസം രാജ്യത്ത് ചെലവഴിക്കാന്‍ അനുമതി നല്‍കും. മുപ്പത് ദിവസത്തേക്ക് നൽകുന്ന താമസാനുമതി അടുത്ത മുപ്പത് ദിവസത്തേക്ക് നീട്ടാനും സാധിക്കും. ഖത്തറിന്റെ പ്രകൃതി സമ്പത്തും സാംസ്കാരിക പൈതൃകവും ആസ്വദിക്കാനായി സന്ദര്‍ശകരെ ക്ഷണിക്കുന്നതിൽ രാജ്യത്തിന് അതിയായ സന്തോഷമുണ്ടെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്മാന് ഹസ്സന് അല്‍ ഇബ്രാഹിം പറഞ്ഞു. സൗദി സഖ്യ കക്ഷികൾ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണ് നിഗമനം.