കൊച്ചി: ഖത്തറിലുള്ള മലയാളികളുടെ വിവരം നോർക്ക ശേഖരിക്കുന്നു. ഖത്തറിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു.
ഖത്തറിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ആറര ലക്ഷത്തോളം ഇന്ത്യക്കാർ ഖത്തറിൽ കഴിയുന്നുണ്ട്. അവരിൽ മൂന്നു ലക്ഷം പേർ മലയാളികളാണ്.
സൗദി ഉൾപ്പെടെയുള്ള ചില പശ്ചിമേഷ്യൻ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഖത്തറിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ഭീകരവാദത്തിന് പിന്തുണ നൽകുകയും ഭീകരർക്ക് സാന്പത്തിക സഹായം നൽകുകയും ചെയ്യുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.