എസ്.ആർ.സുധീർകുമാർ
കൊല്ലം: നർമത്തിൽ പൊതിഞ്ഞ അനേകം ചിന്തകൾ മലയാളി സമൂഹത്തിന് സമ്മാനിച്ച ഡോ.ഫിലിപ്പോസ് ക്രിസോസ്റ്റം മാർ വലിയ മെത്രാപോലീത്ത അമൃതപുരിയുമായും മാതാ അമൃതാനന്ദമയിയുമായും കാത്തുസൂക്ഷിച്ചത് വലിയ ആത്മബന്ധം.
മാതാ അമൃതാന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങുകളിൽ വലിയ തിരുമേനി രണ്ടു തവണ പങ്കെടുക്കുകയുണ്ടായി.
2013-ൽ അറുപതാം ജന്മദിനാഘോഷത്തിലും 2017-ൽ 64-ാം പിറന്നാളോഘോഷ വേളയിലുമാണ് അദ്ദേഹം പങ്കെടുത്തത്.
രണ്ട് ചടങ്ങുകളിലും അദ്ദേഹം ഹൃദയം തുറന്ന് അമൃതാനന്ദമയിയുമായും ആയിരക്കണക്കിന് വിശ്വാസികളുമായും സംവദിക്കുകയുണ്ടായി. സരസമായ സംഭാഷണങ്ങൾ ഏറെ ശ്രദ്ധേയവുമായിരുന്നു.
നീ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണെന്ന് മരിച്ച് സ്വർഗത്തിലെത്തിയാൽ ദൈവം ചോദിച്ചാൽ അമൃതപുരിയിൽ എത്താൻ കഴിഞ്ഞതും അമൃതാനന്ദമയിയെ കാണാൻ കഴിഞ്ഞതുമാണെന്ന് ഞാൻ പറയുമെന്നായിരുന്നു 2017-ലെ പ്രസംഗത്തിൽ വലിയ മെത്രാപോലീത്ത പറഞ്ഞത്.
മഠവുമായും അമൃതാനന്ദമയിയുമായും അത്രയേറെ ആത്മബന്ധവും അടുപ്പവുംസൂക്ഷിച്ചിരുന്ന പുരോഹിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ പ്രതീകവും മനുഷ്യന്റെ വേഷവും സമൂഹത്തിന്റെ സാന്ത്വനവും എന്നാണ് അദ്ദേഹം അമൃതാനന്ദമയിയെ വിശേഷിപ്പിച്ചത്.
ജന്മദിനാഘോഷത്തിന് തടിച്ചുകൂടിയ ജനസാഗരമാണോ അതോ അമൃതാന്ദമയിയാണോ കേരളത്തിന് കിട്ടിയ അനുഗ്രഹം എന്ന ചോദ്യത്തിന് എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടുന്നില്ല എന്നും അദ്ദേഹം മറുപടി പറയുകയുണ്ടായി.
വാർധ്യക്യത്തിന്റെ രോഗപീഢകൾ അലട്ടുന്പോഴും അദ്ദേഹം ആശ്രമവുമായും അമൃതാനന്ദമയിയുമായും നല്ല ബന്ധം തുടരുകയുണ്ടായി.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്ന് മഠത്തിൽ ഇന്നലെ പ്രത്യേക പ്രാർഥനയും ഒരുക്കി.
വലിയ മെത്രാപോലീത്തയുടെ മരണവാർത്ത ഏറെ ദുഖത്തോടെയാണ് ശ്രവിച്ചതെന്ന് മാതാ അമൃതാനന്ദമയി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മത-ആധ്യാത്മിക ചിന്തകൾ കാലത്തിന് അനുസരിച്ച് മറ്റുള്ളവർക്ക് പകർന്ന് നൽകുകയും അതേ സമയം മതത്തിന് അതീതമായി നിന്ന് പ്രവർത്തികയും ചെയ്ത വ്യക്തിത്വമായിരുന്നു.
എല്ലാ വിഭാഗക്കാരെയും ഒരുപോലെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് വലിയ പ്രത്യേകത.
ലളിതമായ വാക്കുകളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാനും അവർക്ക് ഉൾപ്രേരണ നൽകാനും പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.
സമൂഹത്തിന്റെ നല്ലൊരു സുഹൃത്തിനെയും മനുഷ്യ സ്നേഹിയെയുമാണ് ദേഹവിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്നും അമൃതാനന്ദമയി പറഞ്ഞു.