കൊല്ലം: രാജ്യത്ത് ക്യൂആർ കോഡ് സ്കാനിംഗ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയായി വർധിച്ചുവെന്ന് കണക്കുകൾ. ഇക്കാര്യത്തിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയും നൽകുന്ന മുന്നിയിപ്പുകളും ബോധവത്കരണ പരിപാടികളും ഫലപ്രദമാകുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2021-22 സാമ്പത്തിക വർഷത്തിൽ 14265 കേസുകളിലായി 19.35 കോടി രൂപയുടെ തട്ടിപ്പാണ് അരങ്ങേറിയത്. 2022-23 കാലയളവിൽ തട്ടിപ്പ് തുക 41.73 കോടി രൂപയായി ഉയർന്നു.കേസുകളുടെ എണ്ണവും 30340 ആയി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) 39368 കേസുകളിലായി 56.34 കോടി രൂപയും തട്ടിപ്പ് സംഘം കൈവശപ്പെടുത്തി.
ഈ സാമ്പത്തിക വർഷം 2024 സെപ്റ്റംബർ വരെ 18167 കേസുകളിലായി 22. 22 കോടി രൂപയുടെ തട്ടിപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ചെക്ക് പോയിന്റ് സോഫ്റ്റ് വെയർ ടെക്നോളജീസിന്റെ കണക്കുകൾ പ്രകാരം 2022- ൽ 15,000 ക്യൂആർ ഫിഷിംഗ് തട്ടിപ്പുകൾ നടന്നിട്ടുണ്ട്. 2023- ൽ ഇത് 30,000 ത്തിന് മുകളിലായി. പരാതികൾ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്.
തട്ടിപ്പിന് ഇരയായവരിൽ പലരും പരാതിക്ക് പോകാറില്ല. അതുകൊണ്ട് തന്നെ തട്ടിപ്പിന്റെ വ്യാപ്തി ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഗ്രാമ പ്രദേശങ്ങളിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത്. സാമ്പത്തിക തട്ടിപ്പുകൾക്ക് പുറമേ ആധാർ, പാൻകാർഡ് അടക്കമുള്ള വ്യക്തിഗത വിവരങ്ങളും ചോർത്തി ദുരൂപയോഗം ചെയ്യുന്നതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തട്ടിപ്പ് സംഘങ്ങളെ കുടുക്കാൻ ജാഗ്രത പുലർത്തുന്നുണ്ട്.ഇത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിനായി മന്ത്രാലയം നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ സജ്ജമായിയിട്ടുണ്ട്. കൂടാതെ 1930 എന്ന നാഷണൽ സൈബർ ക്രൈം ഹെഅപ്പ് ലൈൻ നമ്പരിൽ വിളിച്ചും പരാതികൾ രജിസ്റ്റർ ചെയ്യാം.
ക്യൂആർ കോഡുകൾ പേയ്മെന്റുകൾ നടത്താൻ മാത്രമാണെന്നും സ്വീകരിക്കാനുള്ളതല്ലെന്നും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ആവർത്തിച്ചിട്ട് വ്യക്തമാക്കിയിട്ടും ദിനംപ്രതി നൂറുകണക്കിന് ആൾക്കാരാണ് തട്ടിപ്പിന് വിധേയമാകുന്നത്. വെബ്സൈറ്റുകൾ വഴിയും ഇ -മെയിലുകൾ വഴിയും വ്യാജ ക്യൂആർ കോഡുകൾ സൃഷ്ടിച്ച് ഡിസ്കൗണ്ടുകളും സമ്മാനങ്ങളുമൊക്കെ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങളാണ് ഇപ്പോൾ രാജ്യത്ത് സജീവമായി പ്രവർത്തിക്കുന്നത്.