സ്വന്തം ലേഖകൻ
ഒറ്റപ്പാലം: വായിക്കുന്നതിനൊപ്പം പാഠഭാഗങ്ങൾ കാണാനും കേൾക്കാനും കഴിയുന്ന കാലം വിദൂരമല്ല. ഇതിനായി ക്യുആർ കോഡ് ഉൾപ്പെടുത്തി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്നു സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (എസ്സിഇആർടി).
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ശബ്ദങ്ങളും ക്യുആർ കോഡ് രൂപത്തിലാക്കി പാഠപുസ്തകത്തിൽ അച്ചടിക്കും. ഇതുവഴി ഒരു സ്മാർട്ട് ഫോണിന്റെ സഹായത്തോടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ദൃശ്യങ്ങളും വീഡിയോയും കാണാം. മൊബൈൽ ഫോണിൽ തെളിയുന്ന ദൃശ്യങ്ങൾ സ്മാർട്ട് ക്ലാസ് മുറികളിലെ എൽസിഡി പ്രൊജക്ടറിലൂടെ സ്ക്രീനിൽ പ്രദർശിപ്പിക്കാം.
കുട്ടിക്ക് അമൂർത്തമായ ആശയങ്ങൾ മൂർത്തഭാവത്തിൽ അവതരിപ്പിക്കാൻ ഇതുമൂലമാകും. വിദ്യാർഥിക്കു ലഭിക്കുന്ന ഈ നേരനുഭവം എന്നും മനസിൽ തങ്ങിനില്ക്കും. അന്ധവിദ്യാർഥികൾ ഉൾപ്പെടെ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്ക് ഇതു ഗുണകരമാകും.
വിദ്യാഭ്യാസരംഗത്ത് അനന്തസാധ്യതകൾ തുറന്നിടുന്ന ഈ നൂതനാശയം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം മനിശേരി പനയംകണ്ടത്ത് മഠത്തിൽ ബാലകൃഷ്ണൻ തൃക്കങ്ങോട് വിദ്യാഭ്യാസമന്ത്രിക്കു നല്കിയ നിവേദനത്തിനുള്ള മറുപടിയിലാണ് എസ്സിഇആർടി ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസമന്ത്രിക്കു ലഭിച്ച നിവേദനം എസ്സിഇആർടി ഡയറക്ടർക്ക് അയച്ചുകൊടുത്ത് സാധ്യതകൾ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആലത്തൂർ കാവശേരി ഗവണ്മെന്റ് എൽപി സ്കൂൾ പ്രധാനാധ്യാപകനാണ് ബാലകൃഷ്ണൻ തൃക്കങ്ങോട്. ധനമന്ത്രി, സാംസ്കാരികമന്ത്രി, കൃഷിമന്ത്രി എന്നിവർക്കും ബാലകൃഷ്ണൻ ഇതുസംബന്ധിച്ച് നിവേദനം നല്കിയിരുന്നു.
നേരത്തെ ബാലകൃഷ്ണൻ സർക്കാരിനു നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ചക്കയെ സംസ്ഥാനഫലമായി പ്രഖ്യാപിച്ചത്. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ബാലകൃഷ്ണൻ തൃക്കങ്ങോടിനു 2018-ലെ വനമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.