സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച വാരാന്ത്യ നിയന്ത്രണങ്ങൾ സംസ്ഥാനത്തു കർശനമായി നടപ്പാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പോലീസ് പരിശോധന കർശനമാണ്. ഹയർ സെക്കൻഡറി പരീക്ഷകൾ, വോട്ടെണ്ണലിനു നിയോഗിച്ചിരിക്കുന്ന ജീവനക്കാരുടെ പരിശീലനം, അവശ്യസർവീസുകൾ തുടങ്ങിയവ തടസം കൂടാതെ നടന്നതായി മുഖ്യമന്ത്രി അവകാശപ്പെട്ടു.
ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം രണ്ടാം തരംഗത്തിൽ ശക്തമാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ കർശനമായി ക്വാറന്റൈൻ പാലിക്കണം.
ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കും. ബ്രേയ്ക് ദ ചെയിൻ കാന്പയിൻ ഉത്തരവാദിത്വം അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതും മാസ്കുകൾ ധരിക്കുന്നതും ഉൾപ്പെടെ കോവിഡ് പ്രതിരോധ മാർഗങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കണം.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ പ്രസവചികിത്സ സുരക്ഷിതമാക്കാൻ, കോവിഡ് ബാധിതരാകുന്ന ഗർഭിണികളുടെ പ്രസവത്തിനായി ജില്ലയിലെ പ്രധാന ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും പുതുതായി ലേബർ റൂം ഒരുക്കും.
പാലക്കാട് ചിറ്റൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിലക്കു ലംഘിച്ചും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ചുള്ള കുതിരയോട്ട മത്സരം കാണാൻ ആയിരത്തോളം പേർ എത്തി.
ഇതു സംബന്ധിച്ച് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. 25 പ്രതികളിൽ എട്ടു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. കുതിരയോട്ടക്കാരായ 57 പേർക്കെതിരെയും കാണികളായ 200 പേർക്കെതിരേയും കേസെടുത്തു.
എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന അഗ്നിപർവതത്തിനു മുകളിലാണ് നമ്മൾ ഇരിക്കുന്നതെന്ന് മനസിലാക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യാന്ത്രികമായി അനുസരിക്കുന്നതിനു പകരം, അവ സ്വയം ഏറ്റെടുക്കണം. മാറ്റിവയ്ക്കാൻ സാധിക്കുന്ന പരിപാടികൾ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞു നടത്തണം.
സംസ്ഥാനത്ത് 15,000- ത്തോളം വരുന്ന വിഎച്ച്എസ്സി- എൻഎസ്എസ് ഒന്നാം വർഷ വോളന്റിയർമാർ പ്രദേശവാസികൾക്കായി കോവിഡ് വാക്സിൻ ഓണ്ലൈൻ രജിസ്ടേഷൻ ടെലി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.