മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടു മുക്കത്ത് ക്വാറന്റൈൻ ലംഘിച്ച് അക്രമം അഴിച്ചുവിട്ട സിപിഎം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ മുക്കത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ക്വാറന്റൈൻ നിയമം ലംഘിച്ച് റോഡിലിറങ്ങിയാണ് സിപിഎം ഏരിയ കമ്മിറ്റി അംഗമായ ജോണി എടശേരി കൊലവിളി നടത്തിയത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ദ്രുതകർമസേന വളണ്ടിയറായി സേവനം അനുഷ്ഠിക്കുന്ന വൈ.പി അഷ്റഫിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് മർദ്ദിച്ചെന്നും യുഡിഎഫ് ആരോപിച്ചു.
കണ്ടെയ്ൻമെന്റ് സോണിൽ പള്ളി പരിസരം ക്ലീനിംഗ് നടത്തുന്നതിനായാണ് വിളിച്ചുവരുത്തിയതന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. എന്നാൽ ക്വാറന്റൈനിൽ ഇരിക്കേണ്ട വ്യക്തി ക്ലീനിംഗിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞതിനെത്തുടർന്ന് സിപിഎം നേതാവ് സന്തോഷിന്റെ നേതൃത്വത്തിൽ മർദ്ദിക്കുകയായിരുന്നു ആർആർടി കാർഡ് വലിച്ചു എടുക്കുകയും ചെയ്തു.
കൂട്ടത്തിലുണ്ടായിരുന്ന ജോണി വധഭീഷണി മുഴക്കിയതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു. ജോണിയുടെ സാനിധ്യത്തിൽ ക്ലീനിംഗിൽ ഏർപ്പെട്ട മുഴുവൻ സിപിഎം നേതാക്കളും ക്വാറന്റൈനിൽ കഴിയണമെന്നും ഇവർ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ മജീദ് പുതുക്കുടി, കരിം പഴങ്കൽ, കെ ടി മൻസൂർ, എൻ.കെ. അഷ്റഫ് എന്നിവർ പങ്കെടുത്തു.