സന്തോഷ് പ്രിയൻ
കൊല്ലം: പരാധീനതകളിൽ നട്ടം തിരിഞ്ഞ് ജലവിഭവവകുപ്പിലെ ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബ്. പൊതുടാപ്പുകളിലെയും വീട്ടിലെ കിണറുകളിലേയും ഹോട്ടലുകളിലേയും മറ്റും കുടിവെള്ളത്തിലെ ഗുണനിലവാരം പരിശോധിക്കാനുള്ള ജില്ലയിലെ ഏക ലാബാണ് കൊല്ലം ജലഭനിൽ പ്രവർത്തിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബ്.
എന്നാൽ ഇവിടുത്തെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് ഉദ്യോഗസ്ഥരും ജീവനക്കാരും. മാസം നാനൂറ് മുതൽ അഞ്ഞൂറു വരെ വെള്ളത്തിന്റെ സാന്പിളുകളാണ് പരിശോധനയ്ക്കായി ഇവിടെ എത്തുന്നത്. പൊതുവായ പരിശോധനയ്ക്ക് 850 ഉം കെമിക്കൽ ടെസ്റ്റിന് 250ഉം ആണ് വാങ്ങുന്നത്. ബാക്ടീരിയ പരിശോധനയ്ക്ക് വേനെ ചാർജും ഈടാക്കും.
ലാബിൽ വരുന്ന ഒരാൾ ഇവിടുത്തെ പരിശോധനാസാമഗ്രികളുടെ സ്ഥിതി കണ്ടാൽ രണ്ടാമത് പരിശോധനയ്ക്കായി ഈ ഓഫീസിന്റെ പടികയറില്ല. പഴകിയതും തുരുന്പിച്ചതും ചില്ല് പൊട്ടിയതുമായ സാമഗ്രികൾ ഉപയോഗിച്ചുവേണം ജീവനക്കാർക്ക് പരിശോധന നടത്തേണ്ടത്. ഇതുകൊണ്ടുതന്നെ പരിശോധനാഫലം എത്രത്തോളം ഫലപ്രദമെന്ന് ഇവിടുത്തെ ജീവനക്കാർക്കുതന്നെ ആശങ്ക ഉണ്ടാക്കുന്നതാണ്.
വൈദ്യുതിയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. വൈദ്യുതി നിലച്ചാൽ ബദൽസംവിധാനമില്ലാത്തതിനാൽ ഇവിടുത്തെ പരിശോധനകൾ തകിടംമറിയും. രണ്ട് ലാബുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സബ് ഡിവിഷനും ജില്ലാ ലാബും. രണ്ടിന്റേയും സ്ഥിതി ഇതുതന്നെ. ജില്ലയിൽ എല്ലായിടത്തേയും വെള്ളം ഇവിടെയാണ് പരിശോധിക്കാൻ ആളുകൾ കൊണ്ടുവരുന്നത്. കൂടാതെ കുടിവെള്ള വിതരണത്തിലെ പൊതുടാപ്പുകളും പരിശോധിക്കേണ്ടതും ഇവിടെ നിന്നും ഉദ്യോഗസ്ഥർ പോയിട്ടാണ്.
ജില്ലാആശുപത്രിയിലെ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ കുടിവെള്ളം പരിശോധിക്കുന്നതും ഇവിടെനിന്നാണ്. അതേസമയം സ്വകാര്യ ആശുപത്രികളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നിരിക്കെ ഭൂരിപക്ഷം ആശുപത്രികളിലും പരിശോധന നടക്കുന്നില്ല. ഹോട്ടലുകളിലേയും റിസോട്ടുകളിലേയും സ്ഥിതിയും ഇതുതന്നെ.
സ്വകാര്യ ആശുപത്രികളുടേയും നക്ഷത്രപദവിയുള്ള ഹോട്ടലുകളുടേയും വെള്ളത്തിന്റെ പരിശോധന കർശനമായി പരിശോധിക്കണമെന്നാണ് നിയമം.
എന്നാൽ നിയമം കാറ്റിൽ പറത്തിയാണ് ഉടമകൾ ഇത്തരം സ്ഥാപനം പ്രവർത്തിപ്പിക്കുന്നത്. സെപ്റ്റിക് ടാങ്കുകളിലെ ജലവും ഈ ലാബിലാണ് പരിശോധിക്കേണ്ടിവരിക. എന്നാൽ ഇതൊന്നും ഫലപ്രദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഇവിടുത്തെ സംവിധാനങ്ങൾ പര്യാപ്തമാകുന്നില്ല. കാര്യക്ഷമമായി പരിശോധന നടക്കാതെ ഓഫീസിൽനിന്നും കിട്ടുന്ന റിസൾട്ടുമായി പോകേണ്ട ഗതികേടിലാണ് പാവം പൊതുജനം.
ജീവനക്കാരുടെ കുറവും ലാബിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിലവിൽ ഒരു അസി.എൻജിനിയർ, ഒരു കെമിസ്റ്റ്, ഒരു ബാക്ടീരിയോളജിസ്റ്റ്, ഒരു ടൈപ്പിസ്റ്റ് കം ക്ലർക്ക്, ഒരു ഡ്രൈവർ, ഒരു ലാബ് അസിസ്റ്റന്റ്, ഒരു ലസ്കർ എന്നിവരുൾപ്പെടെ ഏഴ് ജീവനക്കാരാണുള്ളത്. ഒരു മൈക്രോളജിസ്റ്റിന്റേയും രണ്ട് ലാബ് അസിസ്റ്റന്റിന്റേയും ഒഴിവുകളാണ് ഉള്ളത്.
ഒാഫീസിന്റെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉന്നതങ്ങളിൽ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബിന് ഇതുവരേയും ശാപമോക്ഷം ലഭിച്ചില്ല.