മുക്കം: വിദേശത്തുനിന്നു വരുന്നവർ വിമാന യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ ആശ്വാസം കണ്ട് നാട്ടിലെത്തുന്ന പ്രവാസികൾ ബുദ്ധിമുട്ടിലാകും.
സംസ്ഥാന സർക്കാരിൽനിന്ന് ഈയൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അതുകൊണ്ടുതന്നെ നിലവിലെ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖ ചൂണ്ടിക്കാട്ടുമ്പോൾ സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർ കൈമലർത്തുകയാണ്.
പുതിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ അത്യന്താപേക്ഷിത കാര്യങ്ങൾക്കായി ഒന്നോ രണ്ടോ ആഴ്ചത്തെ അവധിക്കു വരുന്നവർ വീട്ടുകാരുമായിട്ടുപോലും സമ്പർക്കമില്ലാതെയും വീട്ടിനകത്തുനിന്നു പുറത്തു കടക്കാതെയും തിരിച്ചു പോകേണ്ട അവസ്ഥയാണ്.
ഒരു മാസത്തെ അവധിക്കു വരുന്നവരാകും ഏറെ പേരും. ഇവർക്കാകട്ടെ പകുതി ദിവസങ്ങൾ വീട്ടിൽ ഒറ്റയ്ക്കു കഴിഞ്ഞുകൂടേണ്ട അവസ്ഥ തന്നെയാണിപ്പോഴും.
അതേസമയം ക്വാറന്റൈൻ വേണ്ടാത്ത സംസ്ഥാനങ്ങളുമുണ്ട്. സംസ്ഥാന സർക്കാരിൽനിന്നു ഇതു സംബന്ധിച്ച തീരുമാനം വന്നാലേ വിദേശത്തുനിന്നു വരുന്നവരുടെയും ബന്ധുക്കളുടെയും ആശങ്ക തീരൂ.