പത്തനംതിട്ട: സമൂഹ അടുക്കളകള്‍ നടത്തി ബാധ്യതയിലായ തദ്ദേശസ്ഥാപനങ്ങളുടെ മേല്‍ വീണ്ടും ഇരുട്ടടി. ക്വാറന്റൈന് കേന്ദ്രങ്ങളുടെ നടത്തിപ്പാണ് പുതിയ തലവേദന. തനതുഫണ്ടില്‍ നിന്നു പണം ചെലവഴിച്ച് പ്രവര്‍ത്തനം നടത്താനാണ് നിര്‍ദേശം.
തനതുഫണ്ടിലെ പണം മുഴുവന്‍ ചെലവഴിച്ച് സമൂഹഅടുക്കളകള്‍ നടത്തിയ പഞ്ചായത്തുകള്‍ ക്വാറന്റെെന് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്നുപോലും മാറിനില്‍ക്കുകയാണ്. ഓരോ പഞ്ചായത്ത് പ്രദേശത്തും വിദേശത്തുനിന്നെത്തുന്നവരെയും ഹോട്ട്സ്പോട്ട് മേഖലയില്‍ നിന്നെത്തുന്നവരെയും പാര്‍പ്പിക്കാന്‍ ഇടംകണ്ടെത്തണമെന്നതായിരുന്നു നിര്‍ദേശം.
റെഡ് സോണില്‍നിന്നു വരുന്നവരെ പഞ്ചായത്ത്തലത്തില്‍ ഏകോപിപ്പിച്ച് കോവിഡ് കെയര്‍ സെന്ററുകളില്‍ ഐസൊലേറ്റ് ചെയ്യാനുള്ള നിര്‍ദേശം നിലനില്‍ക്കെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുവരുന്നവരെ വീടുകളിലേക്ക് അയച്ചാല്‍ മതിയെന്ന ഉത്തരവും എത്തിയിട്ടുണ്ട്.
കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി പഞ്ചായത്തിലേക്ക് എത്തുന്നവരുടെ വിവരങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ശേഖരിക്കണമെന്നതാണ് സര്‍ക്കാര്‍തലത്തില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.
നിരീക്ഷണത്തിലുള്ളവര്‍ പുറത്ത് ഇറങ്ങി നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കോവിഡ് കെയര്‍ സെന്ററുകളില്‍ ആവശ്യമായ വോളണ്ടിയര്‍മാരെ ക്രമീകരിക്കുന്ന ചുമതലയും പഞ്ചായത്തിനാണ്. അണുനാശിനികള്‍ അടക്കം വാങ്ങേണ്ട ചുമതലകളും പഞ്ചായത്തുകള്‍ക്കാണ്.
വിനോദോപാധികളും പഞ്ചായത്തിന്റെ ചുമതലയില്‍
ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം നിരീക്ഷണ കേന്ദ്രങ്ങളില്‍ വിനോദ ഉപാധികള്‍ ക്രമീകരിക്കണം. ടെലിവിഷനോ സിനിമയോ കാണാനും ദിനപത്രം, മാസിക, പുസ്തകങ്ങള്‍ വായിക്കാനുമുള്ള സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ് ഇവ ഒരുക്കണം.
വ്യായാമത്തിനും മൊബൈല്‍ റീ ചാര്‍ജിംഗിനും സൗകര്യം വേണം. വൈദ്യുതിലഭ്യത, അടിസ്ഥാന സൗകര്യം തയാറാക്കല്‍ ഇവയെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലായി. മാസ്ക്, ഹാൻഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ആവശ്യാനുസരണം എല്ലാ സെന്ററുകളിലും നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.